ആല്‍പ്‌സ് പര്‍വ്വതനിര കാണാനെത്തിയവര്‍ കേബിള്‍ കാറില്‍ കുടുങ്ങി


ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വതനിര കാണാനെത്തിയ വിനോദസഞ്ചാരികള്‍ ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് കേബിള്‍ കാറില്‍. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാര്‍ നിശ്ചലമായതോടെ 40 പേരാണ് കേബിള്‍ കാറില്‍ കുടുങ്ങിയത്. ഫ്രഞ്ച്, ഇറ്റലി, അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കേബിള്‍ കാറില്‍.10 വിനോദ സഞ്ചാരികളില്‍ 65 പേരെ രാത്രിയാകുന്നതിന് മുമ്പ് തന്നെ ഹെലികോപ്ടറുകളിലായി താഴെ ഇറക്കിയിരുന്നു. എന്നാല്‍ ഇരുട്ട് മൂടിയതോടെ 40 പേരെ താഴെയിറക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ വന്നു. ഒരു രാത്രി മുഴുവന്‍ പര്‍വ്വതത്തിന് മുകളിലെ തുങ്ങിയാടുന്ന കാറില്‍ കഴിച്ചുകൂട്ടിയ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണവും ബ്‌ളാങ്കറ്റും ഹെലികോപ്ടറില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.കാറുകള്‍ ചലിച്ചിരുന്ന കേബിളുകള്‍ അതിശക്തമായ കാറ്റില്‍ കെട്ട്പിണഞ്ഞതാണ് അപകടകാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പര്‍വ്വതത്തിന് മുകളിലായി അന്തരീക്ഷത്തില്‍ കാറുകള്‍ നിശ്ചലമാകുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഫ്രാന്‍സിലെ അഗില്ലി ഡു മിഡി സ്റ്റേഷനേയും ഇറ്റലിയിലെ പുണ്ടാ ഹെല്‍ബ്രോണര്‍ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്ന് കേബിളുകളാണ് കുരുങ്ങിപ്പോയത്. ഇവയില്‍ രണ്ടെണ്ണം വേര്‍പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലൂം മൂന്നാമത്തേത് തടസ്സപ്പെടുകയാണെന്നും എന്നാല്‍ അവ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കുമെന്നും അധികൃതര്‍ രാത്രിയില്‍ തന്നെ ഉറപ്പ് നല്‍കിയിരുന്നു. രാവിലെ അധികൃതര്‍ എത്തി പ്രശ്‌നം പരിഹരിച്ച് കേബിള്‍ കാര്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് ഇവരെ താഴെയിറക്കുകയായിരുന്നു.




Sharing is Caring