ആറ്റുകാല്‍ കുത്തിയോട്ടം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നടക്കുന്ന കുത്തിയോട്ടത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നു. കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ ക്രൂരമായ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ കുത്തിയോട്ടത്തെ അനുകൂലിച്ച്‌ ദേവസ്വവും സര്‍ക്കാരും രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ ക്ഷേത്രത്തില്‍ കുത്തിയോട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.


നൂറുക്കണക്കിന് കുരുന്നുകളാണ് ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ കുത്തിയോട്ട വഴിപാട് നേര്‍ച്ചയ്ക്കായി ഇത്തവണയും എത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തോളം ക്ഷേത്രത്തില്‍ തങ്ങി ആയിരത്തി എട്ട് നമസ്കാരം പൂര്‍ത്തിയാക്കിയാണ് കുട്ടികള്‍ നാളെ നടക്കുന്ന ദേവിയുടെ ആറാട്ട് ചടങ്ങിനെ അനുഗമിക്കുന്നത്.


അഞ്ച് ദിവസത്തോളം മാതാപിതാക്കളെ വിട്ട് ക്ഷേത്രത്തില്‍ കഴിയുന്ന കുരുന്നുകള്‍ ക്രൂര പീഡനത്തിന് ഇരയാകേണ്ടി വരുന്നു എന്ന് ആരോപിച്ച്‌ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തെത്തിയതോടെ ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അഞ്ചാം ദിനത്തില്‍ ശരീരത്തില്‍ ചൂട് കമ്ബി കുത്തിയിറക്കുന്ന ആചാരത്തിനെതിരെയും ഡിജിപി പ്രതികരിച്ചിരുന്നു.

അതേസമയം കുത്തിയോട്ടത്തിനെതിരെ പരാതികളില്ലാതെ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ നടപടിക്കെതിരെ ശിവസേന പ്രതിഷേധവുമായി രംഗത്തെത്തി. ശിവസേന തിരുവന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബാലാവകാശകമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. പരമ്ബരാഗതമായി തുടര്‍ന്നു വരുന്ന ആചാരങ്ങളെ ഹനിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി.എന്നാല്‍ ദേവസ്വവും സര്‍ക്കാരും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.



Sharing is Caring