ആറു പേര്‍ സമാനമായ രീതിയില്‍ മരിച്ച സംഭവം: കല്ലറകള്‍ ഇന്ന് തുറക്കും


താമരശ്ശേരി: കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരേ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇവരെ അടക്കംചെയ്ത കല്ലറകള്‍ വെള്ളിയാഴ്ച രാവിലെ തുറന്ന് പരിശോധിക്കും. മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധു നല്‍കിയ പരാതിയിലാണ് അന്വേഷണം.


2002 മുതല്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിദഗ്ധരാണ് പരിശോധിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഹരിദാസ് പറഞ്ഞു.വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കുന്നതെന്നാണ് സൂചന. കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളാണ് വെള്ളിയാഴ്ച രാവിലെ തുറക്കുക. ഇതിലാണ് നാലുപേരെ അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് അടക്കം ചെയ്തത്. ഇതും ആവശ്യമെങ്കില്‍ തുറന്നുപരിശോധിക്കുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.


റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരുടെ മരണം സംബന്ധിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2008-ലായിരുന്നു ടോം തോമസിന്റെമരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. 2014-ല്‍ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ മരിച്ചു. പിന്നീട് സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്ന് പറയുന്നു. മരണങ്ങളിലെ ഈ സമാനസാഹചര്യമാണ് സംശയത്തിലേക്ക് നയിച്ചത്.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം.

പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങള്‍ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത്.



Sharing is Caring