മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നു മൂന്ന് നേതാക്കളും നിലപാടിലാണ് വ്യക്തമാക്കിയതോടെ കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന ധാരണയിലാണ് ഹൈക്കമാന്‍ഡ്. ഏതെങ്കിലും വിഭാഗം അച്ചടക്ക ലംഘനം നടത്തുന്നുണ്ടോ എന്നകാര്യത്തില്‍ കേന്ദ്ര നേതൃത്വം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. എന്നാല്‍ കേരളത്തിലെ സാഹചര്യം വിലയിരുത്തി മാത്രമേ തീരുമാനമെടുക്കൂ എന്നതിലാണ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് പ്രതീക്ഷ. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച ചെന്നിത്തല താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ഹൈക്കമാന്‍ഡ് എടുക്കുന്നു ഏതു തീരുമാനവും അംഗീകരിക്കും എന്നാണ് പറഞ്ഞത്.

എന്നാല്‍ വി ഡി സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തീരുമാനം പ്രതികൂലമാണെങ്കില്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ വഴങ്ങി നില്‍ക്കില്ലെന്ന സൂചനയാണ് വി ഡി സതീശന്‍ നല്‍കുന്നത്. മുഖ്യമന്ത്രി പദവിക്കായി കേരളത്തില്‍ വലിയ പ്രകടനങ്ങള്‍ നടന്നതും വി ഡി സതീശനു വേണ്ടിയാണ്. സതീശന്‍ പരസ്യമായി അഭ്യര്‍ഥിച്ച ശേഷമാണ് ഇത്തരം പ്രകടനങ്ങള്‍ നിര്‍ത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ കാര്‍ഗേയും സോണിയാ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.













