കേരളത്തില്‍ മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെ പി സി സി അധ്യക്ഷനെയും മറ്റു ഭാരവാഹികളേയും പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ സമ്മര്‍ദ്ദം ആരംഭിച്ചു. വിവിധ പാര്‍ട്ടി പദവികള്‍ വഹിക്കുന്നവര്‍ മന്ത്രിസഭയില്‍ ചേരുന്ന സാഹചര്യത്തിലാണ് ഈ പദവികള്‍ക്കായി പലരും ചരടുവലി തുടങ്ങിയത്.
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയില്‍ ചേരുമ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കുമെന്നതിനാല്‍ മുതിര്‍ന്ന നേതാക്കളായ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഈ പദവിക്കായി കരുനീക്കം തുടങ്ങി. കൊടിക്കുന്നില്‍ സുരേഷ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ച് അവകാശ വാദം ഉന്നയിച്ചു. പട്ടിക ജാതി വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന പാര്‍ട്ടി എന്നവകാശപ്പെടുമ്പോള്‍ കേരളത്തില്‍ അധ്യക്ഷ പദവി ആ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് നല്‍കേണ്ടതാണെന്ന അവകാശ വാദമാണ് അദ്ദേഹം മുന്നോട്ടു വച്ചതെന്നാണു വിവരം.

മന്ത്രിമാരാകുന്ന കെ പി സി സി ഭാരവാഹികളെയെല്ലാം മാറ്റും. കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിയുന്ന സമയത്ത് പലരും സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. വിവിധ സാമൂദായിക പരിഗണനങ്ങള്‍ ഉള്‍ക്കൊണ്ട് മന്ത്രി സ്ഥാനങ്ങള്‍ വീതിക്കുമ്പോള്‍ പാര്‍ട്ടി പദവികളിലും ഈപരിഗണന പ്രതീക്ഷിച്ചാണ് പലരും കരുനീക്കം നടത്തുന്നത്.













