ആരാധനാലായങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനായലയങ്ങളുടെ മറവില്‍ നടത്തുന്ന ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ആയുധ പരിശീലനം നടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഭക്തിയുടെ മറവില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പോലും ആയുധ പരീശീലനം നടത്തുന്നുവന്ന് സതീശന്‍ ആരോപിച്ചു.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും അതുപോലെ തന്നെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ആര്‍.എസ്.എസുകാര്‍ ദണ്ഡ് ഉപയോഗിച്ച്‌ പരിശീലനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇത്തരം അനധികൃത ആയുധ പരിശീലത്തെ കുറിച്ച്‌ വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. ആയുധ പരിശീലനം സംബന്ധിച്ച വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസുകാര്‍ ചോര്‍ത്തി കൊടുത്തതായി മനസിലാക്കാനായിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പല ക്ഷേത്രങ്ങളിലും ആര്‍.എസ്.എസ് നേതൃത്വത്തില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ ആയുധപരിശീലനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *