ആയിരത്തിന്റെ അസാധു നോട്ടുകളില്‍ 99 ശതമാനം തിരിച്ചെത്തി


അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടി രൂപ മൂല്യമുള്ള ആയിരം രൂപ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്.


1000 രൂപയുടെ 8,925 കോടി രൂപ തിരികെ ബാങ്കുകളില്‍ എത്താനുണ്ടെന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഇനി തിരികെയെത്താനുള്ള തുക പൊതുജനങ്ങളുടെ കൈയിലോ ബാങ്കുകള്‍, ട്രഷറികള്‍ എന്നിവിടിങ്ങളിലോ അവശേഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നോട്ടുകള്‍ വിപണിയിലെത്തിയതിനാല്‍ 500 രൂപ നോട്ടിന്റെ കാര്യത്തില്‍ വ്യക്തതയില്ല. 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയ സാഹചര്യത്തില്‍ 500 രൂപ നോട്ടിന്റെ കാര്യത്തിലും വലിയ വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.


അതേസമയം നോട്ട് അസാധുവാക്കല്‍ നടപടിക്കുശേഷം എത്ര നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരികെയെത്തി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും ഇതുവരെ തയാറായിട്ടില്ല.



Sharing is Caring