‘ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ കോഴിക്കോട്’ ഇനിയുണ്ടാകില്ല


ആകാശവാണി കോഴിക്കോട്, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്…” അരനൂറ്റാണ്ട് കാലം മലബാറിലെയും ലക്ഷദ്വീപിലെയും ശ്രോതാക്കള്‍ കാതുകൂര്‍പ്പിച്ച ഈ വാക്കുകള്‍ ഓര്‍മയാകുന്നു. കോഴിക്കോട് നിലയത്തിലെ പ്രാദേശികവാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറങ്ങി. കോഴിക്കോട്ടെ വാര്‍ത്തായൂനിറ്റ് തിരുവനന്തപുരത്തെ പ്രാദേശിക വാര്‍ത്താവിഭാഗവുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലയിപ്പിക്കാനാണ് നീക്കം.


ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാനത്ത് മാത്രം വാര്‍ത്താവിഭാഗങ്ങള്‍ മതിയെന്ന തീരുമാനമാണ് പ്രസാര്‍ഭാരതി നടപ്പാക്കാന്‍ പോകുന്നത്. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കീഴിലുള്ള ധനവകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലെയും പ്രാദേശിക വാര്‍ത്താ യൂനിറ്റുകള്‍(ആര്‍.എന്‍.യു) തലസ്ഥാനങ്ങളിലെ പ്രാദേശികവാര്‍ത്താകേന്ദ്രങ്ങളില്‍ ലയിപ്പിച്ചു തുടങ്ങി.
കോഴിക്കോട്ടെ യൂനിറ്റ് തിരുവനന്തപുരത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.


വാര്‍ത്താവിഭാഗത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും അനൗദ്യോഗിക നിര്‍ദേശം ലഭിച്ചിട്ടുണ്ട്.



Sharing is Caring