അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍ എത്തുമോ? ആശങ്കയോടെ കോണ്‍ഗ്രസ്

ഗുജറാത്തിലെ ഏറെ നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തിനാണ് വോട്ടെടുപ്പ്. ഇന്നലെ രാത്രിയോടെ എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഹമ്മദ് പട്ടേലിനുളള വെല്ലുവിളിയും കൂടിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് എന്‍സിപി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലെ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചത് ബിജെപിയെ പിന്തുണയ്ക്കാനാണ് എംഎല്‍എമാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയതെന്നാണ്. ഇതോടെയാണ് അഹമ്മദ് പട്ടേലിന്റെ വിജയസാധ്യതകള്‍ക്ക് തിരിച്ചടിയേറ്റതും.

സഭയില്‍ ആകെയുളള 176 എംഎല്‍എമാരും വോട്ടുചെയ്താല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ടത് 45 വോട്ടാണ്. കോണ്‍ഗ്രസിന്റെ ആകെയുളള 51 എംഎല്‍എമാരില്‍ ഏഴുപേര്‍ ഇടഞ്ഞ് നില്‍ക്കുകയുമാണ്. ഇവര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. ഇവരാരും അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യില്ലെന്ന് കണക്ക് കൂട്ടിയാല്‍ ഒരു വോട്ടിന്റെ കുറവ് പട്ടേലിന് വരും. എന്‍സിപിക്ക് രണ്ടും, ജെഡിയുവിന് ഒരു എംഎല്‍എയുമാണ് പ്രതിപക്ഷത്ത് പിന്നെയുളളത്. കൂടാതെ ബിജെപിയോട് ഇടഞ്ഞുനില്‍ക്കുന്ന ഒരു എംഎല്‍എയുമുണ്ട്.

ഇതില്‍ എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മറ്റുളള രണ്ടുവോട്ടുകളില്‍ ഏതെങ്കിലും ഒരെണ്ണം ലഭിച്ചാലും അഹമ്മദ് പട്ടേലിന് വിജയം ഉറപ്പിക്കാം. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഒളിവില്‍ പാര്‍ച്ചിച്ച എംഎല്‍എമാരെ ഇന്നലെ ഗുജറാത്തിലെത്തിച്ചിരുന്നു. റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന ഈ 44 എംഎല്‍എമാരെ ഗാന്ധി നഗറിലേക്ക് ഇന്ന് വോട്ടെടുപ്പിനായി നേരെ കൊണ്ടുവരും.

ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്ന മുന്‍ ചീഫ് വിപ്പ് ബല്‍വന്ത്‌സിങ് രാജ്പുത് എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ഏതാണ് ഉറച്ച അവസ്ഥയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *