നാരദന്‍ ഗൂഗിളിനെ പോലെ: ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഹിന്ദു ചരിത്ര കഥയില്‍ ദൈവങ്ങളുടെ സന്ദേശവാഹകനായിരുന്ന നാരദമുനി പുതിയകാല സെര്‍ച്ച്‌ എന്‍ജിനായ ഗൂഗിളിന് തുല്യനായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും നാരദന് അറിയാമായിരുന്നു. അദ്ദേഹം ഈ വിവരങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചിരുന്നുവെന്നും രൂപാണി പറഞ്ഞു. ആര്‍.എസ്.എസ് അനുഭാവ സംഘടനയായ വിശ്വസംവാദ് കേന്ദ്ര സംഘടിപ്പിച്ച ‘ദേവര്‍ഷി നാരദ് ജയന്തി’ എന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു രൂപാണിയുടെ ഈ പരമാര്‍ശം.

നാരദന്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു മാദ്ധ്യമപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ കൈയില്‍ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ മനുഷ്യന് ആവശ്യമുള്ളതും ഗുണം ചെയ്യുന്നതുമായ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പുറത്തുവിട്ടിരുന്നത്. അങ്ങനെയുള്ളവരാണ് നാടിന് വേണ്ടത്. മനുഷ്യനെ സംരക്ഷിക്കാനാണെന്നും അല്ലാതെ തമ്മിലടിപ്പിക്കാനല്ല അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നതെന്നും രൂപാണി പറഞ്ഞു..

വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രിയായ വിജയ് രൂപാണി പുതിയ പ്രസ്താവനയുമായി എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *