‘അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉള്‍ക്കൊള്ളാനാവില്ല’; തുറന്നടിച്ച് പ്രണബ് മുഖര്‍ജിയും

രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുതയുളള ഇന്ത്യ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചരിത്രകാരനുമായ സുഗതാ ബോസിന്റെ ‘ദ നേഷന്‍ ആസ് മദര്‍ ആന്‍ഡ് അദര്‍ വിഷന്‍സ് ഓഫ് നേഷന്‍ഹുഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു മുന്‍ രാഷ്ട്രപതിയുടെ പ്രതികരണം.

അഭിപ്രായ ഭിന്നതയും വാദപ്രതിവാദങ്ങളും ഉളള ഇന്ത്യയെ എനിക്ക് മനസ്സിലാക്കാനാവും പക്ഷെ അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉള്‍ക്കൊള്ളാനാകില്ല.

പ്രണബ് മുഖര്‍ജി

രാജ്യത്തെ അമ്മയായി ചിത്രീകരിക്കുന്നത് വൈകാരികമായിട്ടാണെന്നും അത് മതപരമല്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. നാം ആഗ്രഹിക്കുന്ന രാജ്യം പടുത്തുയര്‍ത്താന്‍ ആരോഗ്യകരമായ സംവാദങ്ങളാണ് വേണ്ടതെന്നും മുന്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിഭവന്‍ വിട്ട് ഒരാഴ്ച്ച മാത്രം കഴിയുമ്പോഴാണ് പ്രണബ് മുഖര്‍ജിയുടെ പരാമര്‍ശം.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും രംഗത്തെത്തിയിരുന്നു. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭയവും, സുരക്ഷിതത്വമില്ലാത്തതുമായ അന്തരീഷം ഇന്ത്യയില്‍ രൂപപ്പെട്ട് വരുന്നതില്‍ ഹമീദ് അന്‍സാരി ആശങ്കയറിയിച്ചു. വര്‍ഷങ്ങളായി ഇന്ത്യ സൂക്ഷിച്ചു പോരുന്ന മൂല്യങ്ങള്‍ ഇടിയുകയാണെന്നും രാജ്യത്തെ പൗരന്മാരുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് പരിതാപകരമായ സ്ഥിതിയാണെന്നും സ്ഥാനമൊഴിയവെ ഹമീദ് അന്‍സാരി വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *