അവശ്യസേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും


രാജ്യത്തെ അവശ്യസേവനങ്ങള്‍ക്ക് നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഇന്ന് അവസാനിക്കും. ഇന്ന് അര്‍ദ്ധരാത്രി 12 മണിവരെ മാത്രമേ ഈ നോട്ടുകള്‍ ഉപയോഗിക്കാനാകൂ. കേന്ദ്രസര്‍ക്കാര്‍ ഇളവ് നീട്ടി നല്‍കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഇനി മാറ്റം ഉണ്ടാവുകയുള്ളൂ. പെട്രോള്‍ പമ്പുകള്‍, റെയില്‍വെ ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. നാളെ മുതല്‍ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് തന്നെ മാറിയെടുക്കേണ്ടി വരും. നിക്ഷേപമായും ബാങ്കുകള്‍ സ്വീകരിക്കും. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലെ ചില വകുപ്പുകള്‍ക്കും അനുമതി നല്‍കിയിരുന്നു. ആ ഇളവും ഇന്ന് അവസാനിക്കും. വൈദ്യുതി നിരക്ക്, ജലക്കരം, കെഎസ്ആര്‍ടിസി, ട്രഷറി ഫീസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ക്കായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നത്. ഈ സേവനങ്ങള്‍ക്ക് നാളെ മുതല്‍ പുതിയ നോട്ടുകള്‍ തന്നെ ഉപയോഗിക്കേണ്ടി വരും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടിയാല്‍ സംസ്ഥാന സര്‍ക്കാരും അതേ പാത പിന്തുടരും.




Sharing is Caring