‘അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും’; ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു


തിരുവനന്തപുരം: സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് വീണ്ടും മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക്. ‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു ‘ എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.


ഫേസ്ബുക്കിലാണ് തന്‍്റെ പുതിയ തീരുമാനം ചെറിയാന്‍ കുറിച്ചത്. സി പി എമ്മുമായി ചെറിയാന്‍ ഫിലിപ്പ് അകലുന്നതിന്‍്റെ സൂചന തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ടു കണ്ണും തുറക്കുമെന്നും ചെറിയാന്‍ പറയുന്നു.


ചെറിയാന്‍ ഫിലിപ്പിന്‍്റെ പോസ്റ്റ് :

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം.

രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിന്‍്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.



Sharing is Caring