അഴിമതി കേസ്: നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്.


അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണ് ഷെരീഫ് പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.


2013ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌‌‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്‌തികള്‍ മറച്ചുവെയ്‌‌ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പുറമെ, പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.



Sharing is Caring