അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിയും പൊലീസിങ്ങും ഒരുമിച്ചു കൊണ്ടുപോകാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും. പൊലീസ്സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് ജനപക്ഷത്തല്ല, ശത്രുപക്ഷമാണെന്ന് ജനം കരുതും. കേരള പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ്സേനയ്ക്ക് ആയുധങ്ങളുടെ കരുത്തല്ല, വിശ്വാസ്യതയും ശാസ്ത്രീയതയുമാണ് വേണ്ടത്. സേനയില്‍ അഴിമതിയുണ്ടെന്നത് ഗൌരവമായി കാണണം. അഭ്യസ്തവിദ്യരായ കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍പാകത്തില്‍ സേനയില്‍ മാറ്റമുണ്ടാകണം. പെരുമാറ്റത്തിലടക്കം പരിശീലനം കാലോചിതമായി പരിഷ്കരിക്കും.

സൈബര്‍കേസുകള്‍ വര്‍ധിച്ചതിനാല്‍ അന്വേഷണത്തിന് പരമ്പരാഗതരീതി പറ്റില്ല. ശാസ്ത്രീയവും സാങ്കേതികവിദ്യാപരവുമായ സൌകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും കേസുകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. പിങ്ക് ബീറ്റ് സംവിധാനം വിപുലീകരിക്കും. സേനയില്‍ അര്‍ഹതപ്പെട്ട അവസരം ആര്‍ക്കും നഷ്ടമാകില്ല. സര്‍ക്കാരിന്റെ ജനകീയ പദ്ധതികളില്‍ സഹകരിക്കാനും പൊലീസ് തയ്യാറാകണം. കോളനിഭരണ സംസ്കാരത്തിന്റെ ശേഷിപ്പുള്ള സേനയില്‍നിന്ന്പൊലീസിനെ ജനപക്ഷത്തെത്തിച്ചത് ഇ എം എസ് സര്‍ക്കാരിന്റെ നയങ്ങളായിരുന്നുവെന്നും പിണറായി ഓര്‍മിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *