അരുവിക്കര ഫലം യുഡിഎഫിന് മുന്നോട്ടേക്കുള്ള പോക്കിന് ദിശ നല്‍കും: സുധീരന്‍


download (1)കൊച്ചി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. നീതിയും ന്യായവും വിട്ട് അരുവിക്കരയില്‍ യു ഡി എഫ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന് മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു സുധീരന്‍.


യു ഡി എഫിനെ സംബന്ധിച്ചടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. ആ സന്ദേശം ഉള്‍ക്കൊണ്ടു തന്നെയാണ് യു ഡി എഫ് അരുവിക്കരയില്‍ പ്രവര്‍ത്തിച്ചത്. യു ഡി എഫിന്റെ മുന്നോട്ടുള്ള പോക്കിന് പുതിയ ദിശ നല്‍കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.


ബാര്‍ കോഴ കേസിന്റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുധീരന്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ വിശ്വാസ്യതയെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുമുള്ളൂ. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ കോടതിയുടെ തീര്‍പ്പാണ് അന്തിമമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.



Sharing is Caring