അയോധ്യാക്കേസ്: ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ തള്ളി മുസ്ലിം സംഘടനകള്‍


ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ മധ്യസ്ഥ സമിതി അംഗങ്ങള്‍ ഒത്തുകളിക്കുകയാണെന്ന് മുസ്​ലിം സംഘടനകള്‍. മധ്യസ്ഥ സമിതിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസില്‍ കക്ഷികളായ മുസ്​ലിം സംഘടനകളുടെ അഭിഭാഷകര്‍ ആരോപിച്ചു.


മാധ്യമങ്ങളിലൂടെ പുറത്തുവന്ന മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നിഷ്പക്ഷമല്ലെന്നും സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ അന്തിമ വിധി അംഗീകരിക്കുമെന്നും മുസ് ലിം സംഘടനകള്‍ക്ക് വേണ്ടി അഡ്വ. ഇജാസ് മഖ്ബൂല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.


സമിതിയംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ശ്രീംറാം പഞ്ചു സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖിയുടെ താളത്തിനൊന്ന് തുള്ളുകയാണ്. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുസ് ലിം സംഘടനകളെ പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, മധ്യസ്ഥ സമിതിയുടെ ശിപാര്‍ശകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് അന്വേഷിക്കണമെന്ന് മുസ്​ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കി.



Sharing is Caring