അമ്മ രണ്ടു വയസ്സുകാരനെ വലിച്ചെറിഞ്ഞു


ഭര്‍തൃവിട്ടുകാരുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തന്റെ രണ്ടു വയസ്സുകാരനായ മകനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയെ ആള്‍ ഇന്ത്യ മെഡിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എയിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്.


സോനു ഗുപ്ത (26) എന്ന യുവതിയാണ് മകനെ ക്രൂര പീഡനത്തിനിരയാക്കിയത്. ഇവരുടെ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പരാതിയില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.


യുവതി മകനെ തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വിവരം പുറം ലോകം അറിയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍ വെച്ച് സോനു ഗുപ്ത ഭര്‍തൃമാതാവിനോടും പിതാവിനോടും വഴക്കുണ്ടാക്കുന്നതും സാധനങ്ങള്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

വഴക്കിനെ തുടര്‍ന്ന് കലിപൂണ്ട യുവതി കുഞ്ഞിന്റെ അടുക്കലേക്ക് ഓടുകയും കുഞ്ഞിനെ എടുത്ത് വാതില്‍ തുറന്ന് പുറത്തേക്ക് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ രക്ഷിക്കാനായി ബന്ധുക്കള്‍ പടികളിലൂടെ ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെ തുടര്‍ന്ന് പോലീസെത്തി ബന്ധുക്കളെ ചോദ്യം ചെയ്തു. തങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ സോനുവാണ് കലഹത്തിന് തുടക്കമിട്ടതെന്ന് ഭര്‍തൃമാതാവ് പോലീസില്‍ മൊഴി നല്‍കി. കുഞ്ഞിനെ കൊല്ലുമെന്നും അതിന്റെ കുറ്റം തങ്ങളുടെ തലയില്‍ വെച്ചുകെട്ടുമെന്നും അവള്‍ പറഞ്ഞു.

ഇതിന് ശേഷം കുഞ്ഞിനെയുമായി അവള്‍ പുറത്തേക്കോടി കുഞ്ഞിനെ സ്റ്റെയര്‍ കേസില്‍ നിന്നും വലിച്ചെറിയുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും കുഞ്ഞിനെ യുവതി തള്ളിയിടാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും ദല്‍ഹി പോലീസ് അറിയിച്ചു.



Sharing is Caring