അമിത് ഷാ മലയാളികളെയും ഓണത്തെയും അപമാനിച്ചു: മുഖ്യമന്ത്രി പിണറായി


തിരുവോണത്തിന്‍റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ ഓണത്തെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വത്തിന്‍റെയും സമഭാവനയുടെയും സങ്കല്‍പമാണ് ഓണത്തിനുപിന്നിലുള്ളത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായ ആഘോഷമാണിത്.
കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, തിന്മകള്‍ ഏതുമേയില്ലാത്ത സമഭാവനയുടേതായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യം പറഞ്ഞുതരുന്നത്.


സമത്വാധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നത്തിന്‍റെ പ്രതീകമായാണ് മഹാബലിയെ കണക്കാക്കുന്നത്. ആ മഹാബലിയെ ചവിട്ടി പാതാളത്തിലേക്കയച്ച വാമനനെ പ്രകീര്‍ത്തിക്കുക വഴി, മഹാബലി പ്രതിനിധാനം ചെയ്ത സമസ്ത സാമൂഹിക മൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തുകയാണ് അമിത് ഷാ ചെയ്യുന്നത്.
കേരളത്തെയും കേരളീയരെയും കേരളത്തിന്‍റെ തനത് ഓണ സങ്കല്പത്തെയും അപകീര്‍ത്തിപ്പെടുത്തുംവിധം നടത്തിയ പ്രസ്താവന പിന്‍വലിച്ചു കേരളത്തോടു ഖേദം പ്രകടിപ്പിക്കുകയാണ് ഔചിത്യമുണ്ടെങ്കില്‍ അമിത് ഷാ ചെയ്യേണ്ടത്.
ഓണാഘോഷത്തിനു പിന്നിലെ സങ്കല്‍പമെന്താണെന്ന് മുഴുവന്‍ കേരളീയര്‍ക്കും അറിയാം. നന്മ നിറഞ്ഞതും സമൃദ്ധിയും ഐശ്വര്യവും പുലരുന്നതുമായ ഒരു കാലമുണ്ടാകണമെന്ന ആഗ്രഹമാണ് മുഴുവന്‍ മലയാളികളെയും ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഓണം ആഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ദേശീയോത്സവങ്ങളെ രാഷ്ട്രീയവും വര്‍ഗീയവുമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുന്നത് നാടിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കാനും ജനമനസ്സുകളുടെ ഒരുമയെ ഇല്ലാതാക്കുവാനുമേ ഉപകരിക്കൂ. ഇത്തരം കാര്യങ്ങളില്‍ വിവേകപൂര്‍ണമായ സമീപനമാണ് ഉണ്ടാകേണ്ടതെന്നു പറഞ്ഞ മുഖ്യമന്ത്രി, എല്ലാ മലയാളികള്‍ക്കും ഓണാശംസകളും നേര്‍ന്നു.




Sharing is Caring