അഭിമന്യു വധം: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ, കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ആലപ്പുഴയില്‍ 80 ഓളം എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ ഉപരോധിച്ചു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ അടക്കം നാലു പേര്‍ അറസ്റ്റിലായെന്ന് പോലീസ് വ്യക്തമാക്കി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കോട്ടയത്ത് കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടന്നിരുന്നു. 89 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്ന് പോലീസ് വ്യക്തമാക്കി.അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ​പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോര്‍ പറയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേനിന്നുള്ളവരുടെ സഹായം ലഭിച്ചു. ക്യാംപസുകളില്‍ അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കും.

വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷമാണ് അഭിമന്യുവിന്റെ ജീവനെടുത്തത്. സുഹൃത്ത് അര്‍ജുന്‍ ചികിത്സയിലാണ്. ഒറ്റകുത്തിന് ജീവനെടുക്കാന്‍ മാത്രം ആഴത്തിലുള്ള മുറിവ് നല്‍കുന്നത് പ്രൊഫഷണല്‍ സംഘത്തിന്റെ രീതിയാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അ

അഭിമന്യൂ മരിക്കാന്‍ ഇടയാക്കിയ മുറിവ് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനു വേണ്ടി മാത്രം രൂപപ്പെടുത്തിയ കത്തിയാണ് കൊലയാളി സംഘം ഉപയോഗിച്ചിരിക്കുന്നത്. ഹൃദയത്തില്‍ നേരിട്ട് മുറിവുണ്ടാക്കുന്ന വിധത്തിലുള്ള കുത്താണ് ഏറ്റത്. രക്തം വാര്‍ന്ന് അതിവേഗം മരണം ഉറപ്പാക്കുന്നതിനായിരുന്നു ഇത്. ഈ കൃത്യം നടത്തിയ അക്രമിയുടെ ആദ്യത്തെ കൊലപാതകം ആയിരിക്കില്ല ഇതെന്ന് കൃത്യം നടത്തിയ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *