ക്യാമ്പസ് ഫ്രണ്ട്-എസ്ഡിപിഐ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന് ക്യാമ്പസ് ഫ്രണ്ടുകാര്‍ കത്തിച്ചു. മലപ്പുറം എടക്കര പാലേമാട് ശ്രീവിവേകാനന്ദ കോളേജില്‍ 2017-18 കോളേജ് യൂണിയന് അഭിമന്യു എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ സംഘം നടുറോട്ടില്‍ കത്തിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 നാണ് സംഭവം.
തിങ്കാളാഴ്ചയാണ് മാഗസിന് പ്രകാശനം ചെയ്തത്. കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാക്കളായ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ തൗഫീഖ്, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ റഹീസ് എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം വരുന്ന സംഘം കോളേജിന് മുന്നിലെ റോഡില്‍ വെച്ച് കത്തിക്കുകയായിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് മാഗസിന് അഗ്നിക്ക് ഇരയാക്കിയത്.

പുറത്ത് നിന്ന് എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരും സംഭവത്തില്‍ പങ്കെടുത്തിട്ടുണ്ട്. റോഡില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പിന്നീട് എസ്എഫ്ഐ ഏരിയ, കോളേജ് യൂണിയന് ഭാരവാഹികള്‍ എടക്കര പൊലീസില്‍ പരാതി നല്കി.
അഭിമന്യുവിന്റെ പേരിലുളള അക്ഷരങ്ങളെ പോലും മതതീവ്രവാദികള്‍ ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ് സംഭവമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. എടക്കര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി അനസ് , ജോയിന്റ് സെക്രട്ടറി ഷിജില്‍ , കെ ശരത് എന്നിവര്‍ സംസാരിച്ചു.













