അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് നീക്കം. ഇടത് നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി. തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളിൽ താല്പര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നൽകാനുമാണ് സിപിഐഎമ്മിന്‍റെ നീക്കം.2006ലും 2011ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎൽഎ.
താനൂരിൽ മന്ത്രി വി അബ്ദുറഹിമാനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തിരൂരിൽ മത്സരിക്കാനാണ് വി അബ്ദുറഹിമാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടും മണ്ഡലത്തിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സ്ഥാനാർത്ഥി പട്ടികയിൽ താനൂരിൽ മാറ്റം വന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ലീഗുമായി ഇടഞ്ഞ അബ്ദുറഹിമാൻ രണ്ടത്താണിക്ക് സീറ്റ് വാഗ്ദാനം നൽകുന്നത്.മുസ്‌ലിം ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തുവന്നിരുന്നു.

ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം.തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കി. അതിൻറെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.













