അഫ്ഗാനിസ്താനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം. അമേരിക്കയുടെ കൈവശമുള്ള ജിബിയു-43 (മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ്) എന്ന ഏറ്റവും വലിയ ആണവേതര ബോംബാണ് ഇവിടെ പ്രയോഗിച്ചത്. ഇതിന് 21,600 പൗണ്ട് ഭാരം വരും. ബോംബുകളുടെ മാതാവ് എന്നാണ് ജിപിഎസ് നിയന്ത്രിത ബോംബിന്റെ വിളിപ്പേര്.
കഴിഞ്ഞ ദിവസം രാത്രി പ്രാദേശിക സമയം 7.32നായിരുന്നു ആക്രമണം. ഇറാഖ് യുദ്ധം തുടങ്ങുന്നതിനുമുന്പ് 2003 മാര്‍ച്ചില്‍ പരീക്ഷണം നടത്തിയ ഈ ബോംബ് ആദ്യമായാണ് യുഎസ് ഉപയോഗിക്കുന്നത്. എംസി-130 വിമാനത്തില്‍ നിന്നാണ് ഇത് വിക്ഷേപിച്ചതെന്നും അഫ്ഗാനിസ്താനില്‍ നിന്ന് ഐഎസിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു














