ഉമേഷ് യാദവ് എറിഞ്ഞു വീഴ്ത്തിയ പഞ്ചാബിനെ ഗൗതം ഗംഭീര്‍ അടിച്ചോടിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന്‍ പഞ്ചാബ് ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ പ്രയാണം അവസാനിച്ചു. മറുപടി ബാറ്റിങില്‍ 21 പന്തും എട്ടു വിക്കറ്റും അവശേഷിപ്പിച്ച് അനായാസം ലക്ഷ്യം മറികടന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ബൗളിങ് മികവ് പുലര്‍ത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. 49 പന്തില്‍ നിന്ന് 11 ഫോര്‍ കണ്ടെത്തി 72 റണ്‍സാണ് ഗംഭീര്‍ അടിച്ചെടുത്തത്. ഈഡന്‍ ഗാര്‍ഡനില്‍ ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബ് രാജാക്കന്മാരെ ബാറ്റിങിനയച്ചു. ടോപ് സ്കോറുകള്‍ക്ക് ഇടനല്‍കാതെ പഞ്ചാബിന്റെ ബാറ്റിങ് നിരയെ കൊല്‍ക്കത്ത എറിഞ്ഞിടുകയായിരുന്നു. നന്നായി തുടങ്ങിയ പഞ്ചാബിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കൊല്‍ക്കത്ത ബൗളര്‍മാരാണ് 170ല്‍ ഒതുക്കിയത്.പഞ്ചാബിനായി ഹാഷിം അംല (27 പന്തില്‍ 25), മനന്‍ വോഹ്റ (19 പന്തില്‍ 28) സഖ്യം ആദ്യവിക്കറ്റില്‍ 53 റണ്‍സ് കണ്ടെത്തി. ഗ്ലെന്‍ മാക്സ്വെല്‍ (14 പന്തില്‍ 25), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 28), വൃധിമാന്‍ സാഹ (17 പന്തില്‍ 25) എന്നിവര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
മൂന്നാമനായി ഇറങ്ങിയ മാര്‍കസ് സ്റ്റോയ്ന്‍സ് (9), വാലറ്റത്തിലെത്തിയ അക്സര്‍ പട്ടേല്‍ (0), വരുണ്‍ ആരോണ്‍ (4) എന്നിവര്‍ വേഗം മടങ്ങി. 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ ഉമേശ് യാദവാണ് പഞ്ചാബ് നിരയില്‍ കാര്യമായ നാശം വിതച്ചത്. ക്രിസ് വോക്ക്സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍, പിയൂഷ് ചൗള, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.മറുപടി ബാറ്റിങില്‍ ഓപണിങ് ആരംഭിച്ച സുനില്‍ നരെയ്ന്‍ (37)- ഗംഭീര്‍ കൂട്ടുകെട്ടില്‍ തന്നെ കൊല്‍ക്കത്ത വിജയതീരത്തേക്ക് കളിയടുപ്പിച്ചു. മൂന്നാമനായി എത്തിയ റോബിന്‍ ഉത്തപ്പയും(26) പുറത്താവാതെ മനീഷ് പാണ്ഡെയും (25*) ഗംഭീറിനൊപ്പം സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി.

പഞ്ചാബിനു വേണ്ടി വരുണ്‍ ആരോണും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീഴ്ത്തി.













