അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി; അമ്പരന്ന് കുട്ടികളും രക്ഷിതാക്കളും

സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച സെമിനാറിൽ അപ്രതീക്ഷിതമായി പങ്കെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മാതാപിതാക്കളുമായി സംവദിക്കുകയും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും ആശങ്കകളും ചോദിച്ചറിയുകയും ചെയ്തു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തത്. മോദിയെ കണ്ടതോടെ കുട്ടികളും ആവേശത്തിലായി. രക്ഷിതാക്കളും അത്ഭുതപ്പെട്ടു. പരീക്ഷ റദ്ദാക്കിയതിൽ ആശ്വാസമാണ് കൂടുതൽ പേർ പ്രകടിപ്പിച്ചത്. എന്നാൽ മാർക്ക് നിർണ്ണയം എങ്ങനെ എന്ന ആശങ്ക ഉയർന്നു. കുറ്റമറ്റ മാർഗ്ഗനിർദ്ദേശം തയ്യാറാക്കും എന്ന ഉറപ്പാണ് നരേന്ദ്ര മോദി നൽകിയത്.

അതേസമയം സിബിഎസ്ഇ പരീക്ഷയിൽ കേന്ദ്ര തീരുമാനത്തോട് സുപ്രീംകോടതി യോജിച്ചു. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കാർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബഞ്ച് തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് ഹർജി നൽകിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

തൽക്കാലം സംസ്ഥാന ബോർഡുകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. യുപി ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾ സംസ്ഥാന ബോർഡ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചു. മൂന്നു വർഷത്തെ ശരാശരിയെക്കാൾ ഈ വർഷത്തെ ഇതുവരെയുള്ള മാർക്ക് മാത്രം പരിഗണിക്കുക എന്ന നിർദ്ദേശത്തിനാണ് സിബിഎസ്ഇ മുൻഗണന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *