അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; നവരത്‌ന കേരളം

ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തിലെ എരിവേറിയ പോരാട്ടത്തിന്റെ ട്രാക്കില്‍ പതിവ് തെറ്റിക്കാതെ കേരളം കിരീടം ചൂടി. 11 സ്വര്‍ണം എട്ടുവെള്ളി നാലുവെങ്കലം ഉള്‍പ്പെടെ 23 മെഡലുകള്‍ നേടിയ കേരളം 159 പോയിന്റോടെയാണ് ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്.
അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ കേരളത്തിന്റെ തുടര്‍ച്ചയായ ഒന്‍പതാമത്തെ കിരീട നേട്ടമാണിത്. 110 പോയിന്റു നേടിയ തമിഴ്‌നാടാണ് റണ്ണറപ്പ്. ഹരിയാന 101.5 പോയിന്റുമായി മൂന്നാമതെത്തി.
പുരുഷ വിഭാഗത്തില്‍ 79.5 പോയിന്റുമായി ഹരിയാന ഒന്നാമതെത്തിയപ്പോള്‍ 65 പോയിന്റോടെ തമിഴ്‌നാട് രണ്ടാമതെത്തി. കേരളം 54 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. വനിതകളില്‍ 105 പോയിന്റു നേട്ടവുമായാണ് കേരളം ഒന്നാമതെത്തിയത്. 56 പോയിന്റുള്ള ഉത്തര്‍പ്രദേശും 55 പോയിന്റുമായി പശ്ചിമ ബംഗാളും രണ്ടും മൂന്നും സ്ഥാനത്ത്.
ചാംപ്യന്‍ഷിപ്പിന്റെ സമാപനദിനത്തില്‍ കേരളം നാല് സ്വര്‍ണവും ആറ് വെള്ളിയും രണ്ടു വെങ്കലവും നേടി.
അനില്‍ഡ തോമസ് (400), മെര്‍ലിന്‍ ജോസഫ് (100), ലിക്‌സി ജോസഫ് (ഹെപ്റ്റാതലണ്‍), വനിത റിലേ ടീം എന്നിവരാണ് സ്വര്‍ണം സമ്മാനിച്ചത്. അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ജംപ്), ജിന്‍സണ്‍ ജോണ്‍സണ്‍ (1500), പി.യു ചിത്ര (1500), അനുരൂപ് ജോണ്‍ (100), നിക്‌സി ജോസഫ് (ഹെപ്റ്റാത്‌ലണ്‍), പുരുഷ റിലേ ടീം വെള്ളി നേടി. സനില്‍ സ്‌കറിയ (ട്രിപ്പിള്‍ ജംപ്), അനുരാഘവന്‍ (400) എന്നിവരാണ് വെങ്കല ജേതാക്കള്‍.

അതിവേഗത്തില്‍
മെര്‍ലിനും ദാസനും

സ്പ്രിന്റില്‍ കേരളത്തിന്റെ മെര്‍ലിന്‍ ജോസഫും തമിഴ്‌നാടിന്റെ ഇലക്കിയദാസനും അതിവേഗക്കാര്‍. 100 മീറ്ററിന്റെ അതിവേഗപ്പോരില്‍ എതിരാളികളെ പിന്നിലാക്കി 11.65 സെക്കന്റിലായിരുന്നു മെര്‍ലിന്റെ സ്വര്‍ണ വേട്ട. പശ്ചിമബംഗാളിന്റെ ഹിമശ്രീ റോയ് (12.07) വെള്ളിയും തമിഴ്‌നാടിന്റെ ചന്ദ്രലേഖ (12.23) വെങ്കലവും നേടി.
കേരളത്തിന്റെ മറ്റൊരു താരം രമ്യ രാജന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. പുരുഷ വിഭാഗം 100 മീറ്ററില്‍ 10.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇലക്കിയദാസന്‍ അതിവേഗതാരമായത്. കേരളത്തിന്റെ അനുരൂപ് ജോണ്‍ 10.72 സെക്കന്റില്‍ ഓടിയെത്തി വെള്ളി നേടി. തെലങ്കാനയുടെ സി.എച്ച് സുധാകര്‍ 10.72 സെക്കന്റില്‍ ഫിനിഷ ്‌ചെയ്‌തെങ്കിലും ഫോട്ടോഫിനിഷില്‍ വെങ്കലത്തിലേക്ക് ഒതുങ്ങി.

ഒറ്റ ലാപ്പില്‍ അനില്‍ഡ
ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ അനില്‍ഡ തോമസ് കേരളത്തിന് സ്വര്‍ണവും അനുരാഘവന്‍ വെങ്കലവും സമ്മാനിച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ നിരാശ. 53.20 സെക്കന്റിലായിരുന്നു അനില്‍ഡയുടെ സുവര്‍ണ നേട്ടം. അനുരാഘവന്‍ 53.68 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. ഒഡിഷയുടെ ജൗന മുര്‍മുവിനാണ് (53.52) വെള്ളി. പുരുഷന്‍മാരുടെ 400 മീറ്ററില്‍ മലയാളി താരങ്ങള്‍ തന്നെയാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. അമോജ് ജേക്കബ് ഡല്‍ഹിക്കായി 46.50 സെക്കന്റില്‍ സ്വര്‍ണവും എ.എഫ്.ഐയുടെ ജേഴ്‌സിയിലിറങ്ങിയ കുഞ്ഞു മുഹമ്മദ് വെള്ളിയും (46.71) നേടി. തമിഴ്‌നാടിന്റെ മോഹന്‍മാര്‍ (46.73) വെങ്കലം നേടി. കേരളത്തിനായി ട്രാക്കിലിറങ്ങിയ സച്ചിന്‍ റോബി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റിലേയില്‍ വനിതകളുടെ സുവര്‍ണ ബാറ്റണ്‍
4-400 റിലേയിലും സ്വര്‍ണവും വെള്ളിയും നേടി കേരളം. വനിത ടീം സ്വര്‍ണം സമ്മാനിച്ചപ്പോള്‍ പുരുഷന്‍മാരുടെ പോരാട്ടം വെള്ളിയില്‍ ഒതുങ്ങി. 3.42.36 സെക്കന്റിലായിരുന്നു വനിതകള്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ജെറിന്‍ ജോസഫ്, വി.കെ വിസ്മയ അനില്‍ഡ തോമസ്, അനുരാഘവന്‍ എന്നിവരാണ് കേരളത്തിനായി സ്വര്‍ണ ബാറ്റണ്‍ ഏന്തിയത്. 3.44.03 സെക്കന്റില്‍ കര്‍ണാടക വെള്ളിയും തമിഴ്‌നാട് (3.52.06) വെങ്കലവും നേടി. പുരുഷ റിലേയില്‍ 3.11.52 സെക്കന്റില്‍ ഫിനിഷ് ചെയ്ത തമിഴ്‌നാട് കേരളത്തെ അട്ടിമറിച്ച് സ്വര്‍ണം നേടി. 3.11.65 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന കേരളത്തിന് വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഹരിയാന (3.12.08) വെങ്കലം നേടി.

ഹെപ്റ്റയില്‍ ഇരട്ടകളുടെ ഇരട്ടമെഡല്‍
ഹെപ്റ്റാത്‌ലണില്‍ ലിക്‌സി ജോസഫും നിക്‌സി ജോസഫും കേരളത്തിന് സ്വര്‍ണവും വെള്ളിയും സമ്മാനിച്ചു. 5160 പോയിന്റു നേടിയാണ് ലിക്‌സി സ്വര്‍ണം നേടിയത്. 4945 പോയിന്റുമായി നിക്‌സി വെള്ളിയും സ്വന്തമാക്കി. ആന്ധ്രാപ്രദേശിന്റെ എം സൗമ്യക്കാണ് വെങ്കലം.

ചിത്ര വെള്ളിയില്‍ ഒതുങ്ങി

1500 മീറ്ററില്‍ സ്വര്‍ണം കൈവിട്ടു ചിത്രയും ജിന്‍സണും. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ 3.45.88 സെക്കന്റില്‍ ഫിനിഷ് ചെയ്തു ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ സരോജ് സ്വര്‍ണം നേടി. കേരളത്തിന്റെ ജിന്‍സണ്‍ ജോണ്‍സണ് 3.46.30 സെക്കന്റില്‍ ഫിനിഷ് ചെയ്തു വെള്ളി നേടാനെ കഴിഞ്ഞുള്ളൂ. ഹരിയാനയുടെ മജ്ഞിത് സിങ് (3.49.30) വെങ്കലം നേടി.
വനിതകളുടെ പോരില്‍ ഏഷ്യന്‍ ചാംപ്യന്‍ പി.യു ചിത്രയെ അട്ടിമറിച്ച് പശ്ചിമബംഗാളിന്റെ ലിലി ദാസ് സ്വര്‍ണം നേടി. 4.28.00 സെക്കന്റിലായിരുന്നു ലിലിയുടെ സ്വര്‍ണ കുതിപ്പ്. 4.28.87 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് ചിത്ര വെള്ളി നേടിയത്. ഉത്തര്‍പ്രദേശിന്റെ പ്രമീള യാദവ് (4.29.33) വെങ്കലം നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *