തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ അടച്ചു. മൂന്ന് നഗരസഭകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പരിധിയിലും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
സ്‌കൂളുകള്‍ അടച്ചിടുന്ന ഉത്തരവ് ഒരു ലക്ഷത്തിനടുത്ത് കുട്ടികളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് അവധി ബാധകമല്ല. പ്രാര്‍ഥനകളും മറ്റ് പഠനപ്രവര്‍ത്തനങ്ങളും ക്ലാസ്‌റൂമിനു പുറത്ത് വച്ച് നടത്തുന്നത് വരും ദിവസങ്ങളില്‍ ഒഴിവാക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.

ദല്‍ഹിയില്‍ 17 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മലിനീകരണമാണ് ഇത്തവണത്തേതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പറയുന്നത്. ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന നിലയിലാണ് അന്തരീക്ഷത്തില്‍ വിഷപ്പുക പടരുന്നത്.
ദീപാവലിയിലെ പടക്കം പൊട്ടിക്കലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വയലുകളില്‍ കറ്റ കത്തിക്കുന്നതുമാണ് പ്രധാന കാരണം. കാറ്റിന് വേഗത കുറഞ്ഞത് പ്രതികൂലമായി ബാധിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. സെക്കന്റില്‍ 1.8 മീറ്ററാണ് കാറ്റിന്റെ ഗതിവേഗം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 3.4 മീറ്ററായിരുന്നു. വിഷപ്പുക കാരണം റോഡുകള്‍ അവ്യക്തമായതോടെ അപകടങ്ങളും നടക്കുന്നുണ്ട്.
രാജ്യത്തെ മലിന നഗരങ്ങളില്‍ പതിനൊന്നാം സ്ഥാനമാണ് ദല്‍ഹിക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അപകടകരമായ അളവില്‍ അന്തരീക്ഷത്തില്‍ മലിനവസ്തുക്കള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ലാഹോറിലെ അന്തരീക്ഷ മലിനീകരണത്തിന് ഭാരതമാണ് കാരണമെന്നാരോപിച്ച് പാക്ക് പത്രം രംഗത്തെത്തി.












