അനിയത്തി പ്രാവിന് 2 5 വയസ്സ്

ഓ…. പ്രിയേ.. പ്രിയേ നിനക്കൊരു ഗാനം….
90 കളിൽ കൗമാരക്കാർ പാടിനടന്ന ഈ ഗാനവും അതിനു പിന്നിലെ ഹിറ്റ് ചിത്രവും മലയാളികൾക്കെങ്ങനെയാണ് മറക്കാനാവുക. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് പിറന്നിട്ട് ഇന്നേക്ക് 25 വർഷം. കാമ്പസുകളിലെ പ്രണയവും, സൗഹൃദത്തിന്റെ നിറവും ചാലിച്ച ചലച്ചിത്രം കലാലയങ്ങളിലെ പ്രണയമനസുകളിൽ ഒരു വികാരമായി നിലകൊള്ളുന്നു.
അനിയത്തിപ്രാവിലെ’ ആരും കേൾക്കാത്ത ഗാനം 24 വർഷത്തിന് ശേഷം റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് 1997 മാർച്ച് 26നായിരുന്നു റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബൻ അരങ്ങേറ്റം കുറിച്ച ചിത്രം, ബേബി ശാലിനി വലിയ ശാലിനിയായിക്കൊണ്ടുള്ള അഭിനയമാറ്റം. അങ്ങനെ പ്രത്യേകതകളേറെയുള്ള ഒരു ചിത്രം. ഒപ്പം പ്രതീക്ഷകളും…
ചാക്കോച്ചന്റെ തുടക്കമെങ്കിലും അനിയത്തിപ്രാവ് കരിയറിലെ വഴിത്തിരിവായി. ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമ പുറത്തിറങ്ങിയിട്ട് ഏകദേശം കാൽ നൂറ്റാണ്ട് പിന്നിടുന്നു. സൗഹൃദവും പ്രണയവും വിരഹവും നിറഞ്ഞൊഴുകിയ സിനിമകൾ ഏറെ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയികളായ സിനിമ മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്നു.

അനിയത്തി പ്രാവിന്റെ ആദ്യദിനം വളരെ നിശബ്ദമായിരുന്നു. പുതുമുഖ അഭിനേതാക്കളെ വെച്ച് ഫാസിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആദ്യദിനങ്ങളിൽ അനിയത്തിപ്രാവിലെ 40 ശതമാനം പേരെ തിയേറ്ററുകളിൽ ഉണ്ടായിരുന്നുള്ളൂ.
പകുതിയിലധികം സീറ്റുകളും കാലി. എന്നാൽ ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ആണ് അനിയത്തിപ്രാവ് കത്തിക്കയറിയത്. രാത്രി ആയപ്പോഴേക്കും തിയറ്ററുകളിൽ കുടുംബപ്രേക്ഷകർ ഇരച്ചെത്തി. പിന്നീട് അന്നുതൊട്ടിന്നോളം മലയാളികൾക്ക് അനിയത്തിപ്രാവ് ഒരു വികാരമായി മാറി. സിനിമക്കൊപ്പം നായകന്റെ ചുവപ്പ് നിറത്തിലുള്ള ആ സ്പ്ലെൻഡർ ബൈക്കും യുവാക്കളുടെ ഹൃദയങ്ങളിലേക്കാണ് ഓടിക്കയറിയത്.

മലയാളികളുടെ ചുണ്ടിൽ ഇപ്പോഴും നിൽക്കുന്നതാണ് ഈ സിനിമയിലെ പ്രിയപ്പെട്ട അഞ്ച് ​ഗാനങ്ങളും. ഔസേപ്പച്ചന്റെ സംഗീതത്തിൽ മനോഹരമായ ഗാനങ്ങളുമായി വന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അന്നുമിന്നും കമിതാക്കൾ ഏറ്റുപാടുന്ന ഗാനമാണ് ‘ഓ പ്രിയേ’, ‘എന്നും നിന്നെ പൂജിക്കാം തുടങ്ങിയവ. ട്രെൻഡിനും ഒരുപടി മുന്നേ സഞ്ചരിക്കുന്ന ഔസേപ്പച്ചൻ, കമിതാക്കളുടെ മനമറിഞ്ഞാണ് ഈ പാട്ടുകളൊരുക്കിയത്.
നല്ലൊരു തിരക്കഥയും കഥാസന്ദർഭങ്ങളും എല്ലാം ഒത്തിണങ്ങിയ ഒരു ചിത്രത്തിലെ പാട്ടുകളാണ് ഇന്നും ഹൈലൈറ്റ്. ഓരോ പാട്ടുകളും കഥാഗതിയുമായി വളരെ ഇഴുകിച്ചേർന്നവയായിരുന്നു. “ഓ പ്രിയെ” എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായി മാറി. ഇന്നും ചെറുപ്പക്കാരുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന പ്രണയ ഗാനങ്ങളാണ് അനിയത്തിപ്രാവിലേത്.

ക്യാമ്പസുകളിലെ യുവാക്കളെയും ഹരമായി മാറിയ ഒരു പിടി നല്ല ചിത്രങ്ങളിൽ അനിയത്തിപ്രാവ് ഇന്നും മുൻനിരയിലാണ്.
പ്രണയവും, പിണക്കവും സൗഹൃതവും, വിരഹവും ഒത്തിണങ്ങിയ, കലാലയങ്ങളെ ഇളക്കിമറിച്ച അനിയത്തിപ്രാവ് ഇന്നും ഒരു തീരാ വികാരമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *