അനിതയുടെ മരണം; നീറ്റിനെതിരെ പ്രക്ഷോഭവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍


മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനിയായ അനിത ആത്മഹത്യ ചെയ്തതിനേത്തുടര്‍ന്ന് ആരംഭിച്ച നീറ്റ് വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ശനിയാഴ്ച്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയ സ്‌കൂള്‍ കുട്ടികളെ പിന്തിരിപ്പിക്കാന്‍ പൊലീസിന് പണിപ്പെടേണ്ടി വന്നു.


ചെന്നൈ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളാണ് മുദ്രാവാക്യങ്ങളുമായി നിരത്തിലിറങ്ങിയത്. രക്ഷിതാക്കളും കണ്ടുനിന്നവരില്‍ ചിലരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. നാല് മണിക്കൂറിന് ശേഷമാണ് പൊലീസിന് കുട്ടികളെ പിരിച്ചുവിടാനായത്.


മഹാലിംഗപുരം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് 30ലധികം വിദ്യാര്‍ത്ഥിനികളാണ് എത്തിയത്. ക്ലാസ് റൂമുകളില്‍ നിന്ന് യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ നുങ്കമ്പാക്കം റോഡിലേക്കിറങ്ങി. നീറ്റിനെതിരെ മുദ്രാവാക്യങ്ങളുമായി റോഡ് ഉപരോധിച്ച് വിദ്യാര്‍ത്ഥിനികളോട് പിന്തിരിയാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഗതാഗതം തിരിച്ചുവിട്ടു.

കോര്‍പറേഷന്‍ സ്‌കൂളിലെ കുട്ടികള്‍ പെരാമ്പൂര്‍ പാലം ഉപരോധിച്ച് സമരം ചെയ്തു. അഡീഷണല്‍ കമ്മീഷണര്‍ എച്ച്എം ജയറാം സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചതിനേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. സ്‌കൂള്‍ കുട്ടികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നാരോപിച്ച് വിഗ്നേഷ് (20), മാണിക്കം (20), അരുണ്‍ (20) എന്നീ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.



Sharing is Caring