അനധികൃത സ്വത്തുസമ്പാദന കേസില്‍ വിധി നാളെ


ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. രാവിലെ 10.30നാണ് വിധിപ്രഖ്യാപനം. ജസ്റ്റിസ് പ്രഫുല്ലചന്ദ്ര ഘോഷ് അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് വിധി പറയുന്നത്.


1991 മുതല്‍ 1996 വരെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ജയലളിതയേയും മറ്റു പ്രതികളായ ശശികല, സുധാകരന്‍, ജെ. ഇളവരശി എന്നിവരെയും കുറ്റവിമുക്തരാക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് അന്‍പഴകനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.


തമിഴ്‌നാട്ടിലെ വിചാരണ നടപടികള്‍ നീതിപൂര്‍വ്വകമായിരിക്കില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. അഴിമതിക്കേസില്‍ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.

ഏക്കറുകണക്കിന് ഭൂമി, ഫാംഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തട്ടം, 28കിലോഗ്രാം സ്വര്‍ണ്ണം,800 കിലോ വെള്ളി, പതിനായിരത്തിലേറെ സാരി, ആയിരത്തോളം പാദരക്ഷകള്‍ എന്നിവ ജയലളിത അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിക്കേസിലെ കൂട്ടുപ്രതികളാണ് ശശികലയും കൂട്ടരും. സുപ്രീംകോടതി വിധി എതിരായാല്‍ മുഖ്യമന്ത്രിപദത്തിലെത്താന്‍ ശശികലയ്ക്ക് സാധിക്കില്ല.



Sharing is Caring