അധ്യാപിക ശാസിച്ചു, കാസര്‍കോട്ട് വിദ്യാര്‍ഥി കിണറ്റില്‍ ചാടി

അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രകോപിതരായ സഹപാഠികള്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

പരവനടുക്കത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥി ആണ് കിണറ്റില്‍ ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തി വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തുകയായിരുന്നു. വലത് കൈക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം കാസര്‍കോട്ടും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 11.30 ഓടെയാണ് സംഭവം. പാഠ്യേതര പഠന പ്രവര്‍ത്തനത്തിനുള്ള പിരീഡില്‍ അധ്യാപിക നോട്ട് പുസ്തകം കൊണ്ടുവരാത്തതിനാല്‍ ശാസിച്ചിരുന്നു. ഇതില്‍ അപമാനിതനായ കുട്ടി ബാഗുമായി ക്ലാസില്‍ നിന്ന് പുറത്ത് പോയി കിണറ്റില്‍ ചാടുകയായിരുന്നു.

അതേസമയം പഠനസംബന്ധമായ കാര്യത്തില്‍ വിദ്യാര്‍ഥിയെ അധ്യാപിക ശാസിച്ച കാരണമാവാം കിണറ്റില്‍ചാടാന്‍ ഇടയായതെന്നും എന്നാല്‍ സ്‌കൂളില്‍ കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുന്ന രൂപത്തില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളോട് പെരുമാറാറില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. കാസര്‍കോട് ടൗണ്‍ പൊലിസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *