അധികാരമേറ്റെടുത്തയുടൻ ബി.ജെ.പി സര്‍ക്കാര്‍ യുവതലമുറയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു : പ്രിയങ്ക ഗാന്ധി

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
അധികാരമേറ്റെടുത്തയുടൻ തന്നെ നിങ്ങള്‍ യുവതലമുറയുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പുതിയ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്തയുടൻ യുവാക്കളുടെ സ്വപ്നങ്ങള്‍ തകർക്കാൻ ശ്രമം തുടങ്ങി. നീറ്റ് പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ (ധർമേന്ദ്ര പ്രധാൻ) ധിക്കാരപരമായ പ്രതികരണം 24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്ക പൂർണമായും അവഗണിക്കുന്നു.

ഇപ്പോള്‍ നടക്കുന്നതൊന്നും വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ? നാഷനല്‍ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മെയ് 5 ന് 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷത്തോളം വിദ്യാർഥികള്‍ക്കായി നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോർന്നുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇപ്പോള്‍ വിവാദമായ ഗ്രേസ് മാർക്കും കാരണം നീറ്റിന്റെ സുതാര്യത തന്നെ ഇല്ലാതായി. നാളിതുവരെ ഇല്ലാത്ത രീതിയില്‍ 67 വിദ്യാർഥികള്‍ മുഴുവൻ മാർക്കും നേടിയതില്‍ ആശങ്കയുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.

യുവാക്കളെ സർക്കാർ അവഗണിക്കുകയാണ്. ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ മാതാപിതാക്കളെയും അവഗണിച്ച്‌ ആരെയാണ് സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. ഈ കുത്തഴിഞ്ഞ പരീക്ഷാ സമ്ബ്രദായത്തിന്റെ അള്‍ത്താരയില്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ ബലികഴിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയെ കുറിച്ചുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ അവഗണിക്കുന്നതിനുപകരം സർക്കാർ ഗൗരവമായി കാണണമെന്നും അവയില്‍ നടപടിയെടുക്കണമെന്നും പ്രിയങ്ക എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാർ അഹംഭാവം ഉപേക്ഷിച്ച്‌ യുവാക്കളുടെ ഭാവിയെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണമെന്നും പരീക്ഷകളിലെ അഴിമതി തടയാൻ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *