ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ആലപ്പുഴയിൽ നിന്ന് ഏർപ്പെടുത്തിയ ട്രെയിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്.
ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാലാണ് അനുമതി റദ്ദാക്കിയത് എന്നാണ് വിശദീകരണം.

ഇന്ന് ഉച്ചയ്ക്ക് 2 ന് തിരൂർ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിൻ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ബിഹാർ സർക്കാരിന്റെ അനുമതി ( എൻ.ഒ.സി) ലഭിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാൻ കാരണം. കേരളത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നതായും ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്കായി യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.













