അത്താഴത്തിന് ചെമ്മീന്‍ ഉലര്‍ത്തിയത്

ചെമ്മീന്‍ രുചികള്‍ എന്നും മലയാളിയ്ക്ക് പരിചിതമാണ്. എത്രയൊക്കെ അകറ്റി നിര്‍ത്തിയാലും ചെമ്മീന്‍ നല്‍കുന്ന മണവും രുചിയും മലയാളിയെ ഒരു കാലത്തും വിട്ടു പോവില്ല. അത്രയേറെ മദിപ്പിക്കുന്ന രുചിയും മണവുമാണ് ചെമ്മീനിന്.

ഇന്ന് അത്താഴത്തിന് ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാറാക്കി നോക്കാം. വളരെ ആസ്വദിച്ച്‌ സമയമെടുത്ത് തയ്യാറാക്കേണ്ട ഒന്നാണ് ചെമ്മീന്‍. ചെമ്മീന്‍ ഉലര്‍ത്തിയത് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ട് എന്നതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കഴിയ്ക്കാവുന്നതാണ്. എങ്ങനെ ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍- അരക്കിലോ
വെളുത്തുള്ളി- അഞ്ച് അല്ലി
ഇഞ്ചി- ചെറിയ കഷ്ണം
പച്ചമുളക്- നാലെണ്ണം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
മുളക് പൊടി- രണ്ട് ടീസ്പൂണ്‍
കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ചെറുനാരങ്ങ നീര്- ആവശ്യത്തിന്

ചെമ്മീന്‍ ഉലര്‍ത്താനുള്ള ചേരുവകള്‍

ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- ഒരു കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
പെരും ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില-രണ്ട് തണ്ട്
വെളിച്ചെണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നല്ലതു പോലെ വൃത്തിയായി കഴുകിയ ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്ചെറുനാരങ്ങ നീര് എന്നിവയെല്ലാം കൂടി അരച്ച്‌ ചെമ്മീനില്‍ പുരട്ടി മാറ്റി വെയ്ക്കുക. ഒരു മണിക്കൂറിനു ശേഷം പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് മസാല ചേര്‍ത്ത് വച്ച ചെമ്മീനിട്ട് വറുത്തെടുക്കാം.

പിന്നീട് വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് വഴറ്റണം. എല്ലാം നല്ലതു പോലെ വഴറ്റിയ ശേഷം ബാക്കി വരുന്ന മസാലപ്പൊടികളും ചേര്‍ക്കാം. ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങ കൂടി ചേര്‍ക്കാം.

ശേഷം തേങ്ങ മൂത്ത് കഴിഞ്ഞാല്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ചെമ്മീന്ഡ ഇതിലേക്കിട്ട് ഇളക്കി വെയ്ക്കാം.15 മിനിട്ടോളം ഇത് ഇളക്കി വേവിയ്ക്കാം. പിന്നീട് കറി വാങ്ങി വെച്ച്‌ എണ്ണയും കറിവേപ്പിലയും കറിക്കുമുകളില്‍ തൂവാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *