അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ.

ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ 22 ആം തീയതി ചേർന്ന ഇന്ത്യ-ചൈന സേന കമാന്‍ററുമാരുടെ യോഗത്തിൽ, ഇരു സേനകളും പട്രോളിംഗ് നടത്തുന്ന അതിർത്തികളിൽ ടെൻറുകൾ നിലനിർത്തില്ലെന്ന തീരുമാനത്തിൽ എത്തിയിരുന്നു.

എന്നാൽ ചൈന ആ തീരുമാനം നടപ്പാക്കിയില്ല. ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഇന്ത്യയുടെ ഭാഗത്തുള്ള ഷ്യോക് – ഗൽവാൻ നദികൾ കൂടി ചേരുന്ന പ്രദേശം വരെ തങ്ങളുടെതെന്ന അവകാശ വാദമാണ് ചൈന ഉന്നയിക്കുന്നത്. സംഘർഷാവസ്ഥ ഏറ്റവും രൂക്ഷമായ പാംഗോങ്ങ് മേഖലയിൽ 8 കിലോമീറ്ററിലധികം അതിക്രമിച്ച് കയറിയ ചൈന മലനിരകളിൽ ടെൻറുകൾ ഉൾപ്പടെ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *