അതിരപ്പിളളിയില്‍ അഞ്ചുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; ലൈന്‍ വലിച്ചു’; ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചെന്ന് കേന്ദ്രത്തോട് കെഎസ്ഇബി


അതിരിപ്പിളളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി. പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തതായി കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18ന് മുന്‍പാണ് അഞ്ചുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.


അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്നും വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെഎസ്ഇബി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.


ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെ സിപിഐയുടെ എതിര്‍പ്പും ശക്തമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.



Sharing is Caring