അണ്ണാഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടപ്പാടി കെ. പളനിസ്വാമിയെ പ്രഖ്യാപിച്ചു

അണ്ണാഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടപ്പാടി കെ. പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഒ പനീര്‍ശെല്‍വം പക്ഷത്തിന്റെ എതിര്‍പ്പിനെ സമവായത്തിലൂടെ മറികടന്നാണ് ഇ.പി.എസ് വീണ്ടും എത്തുന്നത്. എന്നാല്‍, സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചതിലൂടെ പാര്‍ട്ടിയിലെ തന്റെ സ്വാധീനം പനീര്‍ശെല്‍വം ഉറപ്പിച്ചു കഴിഞ്ഞു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഒ.പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ആ പക്ഷത്തു നിന്നും കാര്യമായി ഉയര്‍ന്നിരുന്നു. ഇതിനായി തന്നെ അനുകൂലിയ്ക്കുന്നവരുടെ യോഗം നിരവധി തവണ വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു ഒപിഎസ്. ദീര്‍ഘകാലമായി പനീര്‍ശെല്‍വം ആവശ്യപ്പെടുന്ന പാര്‍ട്ടിയിലെ സ്റ്റിയറിങ് കമ്മിറ്റി രൂപീകരണം നടപ്പാക്കിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി തര്‍ക്കം പാര്‍ട്ടി പരിഹരിച്ചത്.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ഉന്നതാധികാര സമിതിയുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ചേര്‍ന്നത്. ഇതിന് ശേഷം 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. തന്നോടൊപ്പം പാര്‍ട്ടി വിട്ടവര്‍ക്ക് അര്‍ഹമായ സ്ഥാനം ഉറപ്പിയ്ക്കുക കൂടിയാണ് ഒപിഎസ് ഇതിലൂടെ ലക്ഷ്യംവച്ചത്. അണ്ണാ ഡിഎംകെയിലെ സമവായത്തിനായി ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലും കാര്യമായി ഉണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *