അണ്ടര്‍ 17 ലോകകപ്പ്: സ്റ്റേഡിയത്തില്‍ പുല്ല് പോരെന്ന്

അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടീമംഗങ്ങളുടെ പ്രതിനിധികള്‍ കൊച്ചിയിലെ വേദിയുടെ സൗകര്യങ്ങള്‍ വിലയിരുത്തി. ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍ ടീമുകളുടെ പ്രതിനിധികളാണ് പരിശോധനകള്‍ക്കായി ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ കുറച്ചുകൂടി പുല്ല് വളര്‍ത്തണമെന്ന നിര്‍ദ്ദശം ഇവര്‍ മുന്നോട്ടുവച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ലോകകപ്പിന്റെ കൊച്ചിയിലെ നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളിക്കാര്‍ക്കായി ഒരുക്കിയ വിശ്രമമുറികളിലും മറ്റു സൗകര്യങ്ങളിലും സംഘം സംതൃപ്തി അറിയിച്ചു. മറ്റ് പരിശീലന മൈതാനങ്ങളില്‍ തൃപ്തരെങ്കിലും വിശ്രമമുറികളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പരിശീലന മൈതാനങ്ങള്‍ പൂര്‍ണമായും സജ്ജമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഫിഫയേയും മറ്റ് പ്രതിനിധികളെയും അറിയിച്ചു.

ഓരോ ടീമുകളെ പ്രതിനിധികരിച്ച് രണ്ട് പേരും ഫിഫയുടെ പ്രതിനിധികളുമാണ് എത്തിയത്. കൊച്ചിയിലെ വേദിയില്‍ ടീം പ്രതിനിധികള്‍ പൂര്‍ണ തൃപ്തി അറിയിച്ചു. ശനിയാഴ്ച്ച കൊച്ചിയിലെത്തിയ സംഘം ഇന്നലെ രാവിലെ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേക്കാണ് ആദ്യമെത്തിയത്. ഒരു മണിക്കൂറോളം സ്‌റ്റേഡിയത്തില്‍ ചെലവഴിച്ചു.

അഗ്‌നി സുരക്ഷാ സംവിധാനത്തിന്റെ ജോലികള്‍ പൂര്‍ത്തിയായതിലും സംഘം തൃപ്തി അറിയിച്ചു. മഹാരാജാസ് കോളേജിലെത്തിയ ഇവര്‍ പിന്നീട് പനമ്പള്ളി നഗറിലെ പരിശീലന മൈതാനവും സന്ദര്‍ശിച്ചു. ഇവിടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഡ്രസിങ്് റൂമിന്റെ നിര്‍മാണം പാതി പിന്നിട്ടു. വെളി, പരേഡ് എന്നീ ഗ്രൗണ്ടുകളിലെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ഫ്‌ളഡ് ലൈറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല.

ഒരുക്കങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പും വാങ്ങിയാണ് പ്രതിനിധി സംഘം ഗ്രൗണ്ടുകളില്‍ നിന്ന് മടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *