അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: വ്യോമസേന ഉദ്യോഗസ്ഥരുടെ വിമാനക്കൂലിയായി ക്രിസ്റ്റ്യന്‍ മിഷേല്‍ ചെലവാക്കിയത് 92 ലക്ഷം രൂപ

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ വ്യോമസേന ഉദ്യോഗസ്ഥരുടെ വിമാനക്കൂലി വഹിച്ചിരുന്നതായി സിബിഐ. വിരമിച്ച രണ്ട് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ 2009-2013 കാലയളവിലെ വിമാനച്ചെലവുകള്‍ വഹിച്ചത് മിഷേലാണെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത്. 92 ലക്ഷം രൂപയാണ് മിഷേല്‍ ഇവര്‍ക്കായി ചെലവാക്കിയതെന്നും സിബിഐ കോടതിയെ അറിയിച്ചു.

അതേസമയം ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിബിഐ തയ്യാറായില്ല. ക്രിസ്റ്റിയന്‍ മിഷേലിന്റെ സിബിഐ കസ്റ്റഡി കോടതി നാല് ദിവസത്തേക്ക് കൂടി നീട്ടി. മിഷേലിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി അഞ്ച് ദിവസത്തേക്ക് കൂടി വിട്ടുനല്‍കണമെന്നായിരുന്നു സിബിഐ വാദം. ഡിസംബര്‍ നാലിനാണ് ദുബൈയില്‍ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറിയത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കു വേണ്ടി 12 വി.വി.ഐ.പി ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡുമായി കരാര്‍ ഒപ്പിട്ടത്.

3600 കോടിരൂപയായിരുന്നു കരാര്‍ തുക. കരാറിലെ മുഖ്യഇടനിലക്കാരനായിരുന്നു ബ്രിട്ടീഷുകാരനായ മിഷേല്‍. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് മിഷേലിനെ ഉപയോഗിച്ചതെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *