അഖിലേഷ് സമാജ്‌വാദിപാര്‍ട്ടി ദേശീയ അധ്യക്ഷന്‍

അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി നിയമിച്ചു. പാര്‍ട്ടിയുടെ ലഖ്‌നൌവില്‍ ചേര്‍ന്ന ദേശീയ കണ്‍‌വെന്‍ഷനാണ് അഖിലേഷിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിച്ചത്. 33 വര്‍ഷം മുമ്പ് സമാജ്‌വാദി പാര്‍ട്ടി സ്ഥാപിച്ച മുലായം സിംഗ് യാദവ് ദേശീയ അധ്യക്ഷനായി തുടരുമ്പോഴാണ് മകന്‍ അഖിലേഷിന്റെ സ്ഥാനാരോഹണം.

അഖിലേഷ് യാദവും രാംഗോപാല്‍ യാദവും ചേര്‍ന്നാണ് ലഖ്‌നൌവില്‍ കണ്‍‌വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. മുലായം സിംഗ് യാദവ്, ശിവ്‌പാല്‍ യാദവ്, അസംഖാന്‍ തുടങ്ങിയ നേതാക്കള്‍ കണ്‍‌വെന്‍ഷനില്‍ പങ്കെടുത്തില്ല. വലിയ ജനക്കൂട്ടമാണ് ദേശീയ കണ്‍‌വെഷന് എത്തിയത്. അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനാക്കുക, ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കുക, അമര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കുക എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് കണ്‍‌വെന്‍ഷനില്‍ പ്രധാനമായും ഉയര്‍ന്നത്.

നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി അണികള്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് അഖിലേഷ് യാദവിനെ സമീപത്തേയ്ക്ക് പൂച്ചെണ്ടുകളുമായി മറ്റ് നേതാക്കള്‍ എത്തുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നതിന്റെ സൂചനകളാണ് ഇതെല്ലാം നല്‍കുന്നത്. പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷവും അഖിലേഷ് യാദവിനൊപ്പമാണ്. ഇരുന്നൂറോളം എം‌എല്‍‌എമാര്‍ അഖിലേഷിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തന്റേതാണെന്ന പ്രഖ്യാപനമാണ് അഖിലേഷ് നടത്തിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *