കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ സിപിഐഎമ്മിനെ പ്രതിചാരുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലുടെ നീളം 100 കിലോ മീറ്റര്‍ പ്രചരണയാത്ര സംഘടിപ്പിക്കും. അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി നേട്ടം കൊയ്യാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി.
അക്രമരാഷ്ട്രീയത്തിനെതിരേ കണ്ണൂര്‍മുതല്‍ തിരുവനന്തപുരം വരെയാവും യാത്ര. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലൂടെയാവും 100 കിലോമീറ്റര്‍ പ്രചരണയാത്ര. ഓഗസ്റ്റ് അവസാനം നടത്തുന്ന യാത്ര നയിക്കുക ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാകും. ബിജെപി ദേശീയനേതാക്കളും യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും പ്രചരണയാത്രയ്ക്കായി കേരളത്തിലെത്തുമെന്നാണ് സൂചന.

ഒരു ജില്ലയില്‍ 20 കിലോമീറ്റര്‍ വീതം അമിത് ഷാ യാത്രചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും യാത്ര സമാപിക്കുക.
യോഗി ആദിത്യനാഥിനുപുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന
രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കും.
തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേരുന്ന ബിജെപി നേതൃയോഗത്തിലാകും യാത്രയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുക . പങ്കെടുക്കുന്ന കേന്ദ്രനേതാക്കള്‍ ആരൊക്കെയെന്ന് അടുത്തയാഴ്ച വ്യക്തമാകുമെന്നും പാര്‍ട്ടിനേതൃത്വം അറിയിച്ചിട്ടുണ്ട്. യാത്രയ്ക്ക് നിലമൊരുക്കുക എന്ന ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഞായറാഴ്ചയും 14ന് ആര്‍എസ്എസ്. മേധാവി മോഹന്‍ ഭാഗവതും കേളത്തിലെത്തുന്നത്.













