അമിത കൂര്‍ക്കംവലി ഹൃദ്രോഗത്തിന്റെ കാരണങ്ങളില്‍ പ്രധാനി

കോഴിക്കോട്: അമിതമായി കൂര്‍ക്കം (സ്ലീപ് അപ്‌നിയ) വലിക്കുന്നവരെ സമഗ്രമായ നിദ്രാപഠനത്തിന് വിധേയരാക്കണമെന്ന് കോഴിക്കോട് ഐ എം എസ് ആശുപത്രിയിലെ സീനിയര്‍ പള്‍മണോളജിസ്റ്റും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ: കെ മധു. കണ്ടിന്യൂസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ ചികിത്സ മുതല്‍ സര്‍ജിക്കല്‍ ഓപ്ഷന്‍സു വരെ ഇക്കാര്യത്തില്‍ ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിദ്രാവൈകല്യങ്ങളെപ്പറ്റി ബോധവത്ക്കരിക്കാനായി ഫിലപ്‌സ് ഹെല്‍ത്ത് കെയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ലീപ് അപ്‌നിയയ്ക്കുള്ള ചികിത്സ വഴി വിവിധ രോഗങ്ങളെ നിയന്ത്രിക്കാന് കഴിയുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പള്‍മോണറി മെഡിസിന്‍ വകുപ്പ് തലവന്‍ ഡോ: സി രവീന്ദ്രന്‍ വ്യക്തമാക്കി. പകല്‍ സമയത്തെ ഉറക്കം ഒഴിവാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇന്‍സുലിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പത്ത് ദശലക്ഷം ആളുകളെങ്കിലും ഏതെങ്കിലും തരത്തിലുള്ള നിദ്രാവൈകല്യ രോഗങ്ങള്‍ക്ക് അടിമകളാണെന്ന് നീല്‍സണ്‍- ഫിലിപ്‌സ് സ്ലീപ് സര്‍വ്വെ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഉറക്കത്തില്‍ ഇടയ്ക്കിടടെ ശ്വാസോഛാസം തടസപ്പെടുന്ന ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ ആണ് സര്‍വ്വ സാധാരണം. പുകവലിയും പ്രമേഹവും കഴിഞ്ഞാല്‍ ഹൃദ്രോഗത്തിന്റെ മറ്റൊരു പ്രധാന കാരണം സ്ലീപ് അപ്‌നിയ ആണ്. ഇതിന്റെ ഭാഗമായ നിരുപദ്രവം എന്ന് കരുതുന്ന കൂര്‍ക്കം വലി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ഇടയാക്കുമമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 37-51 ശതമാനം പൊണ്ണതടിയന്‍മാര്‍ 37 ശതമാനം ഹൈപ്പര്‍ ടെന്‍സീവ്, 48 ശതമാനം പ്രമേഹ ബാധിതര്‍, 76 ശതമാനം ഹൃദ്രോഗികള്‍ എന്നീ വിഭാഗക്കാരെല്ലാം സ്ലീപ് അപ്‌നിയ ബാധിതരാണ്.
നീല്‍സന്‍ നടത്തിയ ഫിലിപ്‌സ് സ്ലീപ് സര്‍വെ ഫലം അനുസരിച്ചു 93 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യമായ 8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നില്ല. 11 ശതമാനം പേര്‍ ഉറക്ക കുറവ് കാരണം ജോലിയില്‍ നിന്നു അവധി എടുക്കുന്നു. 58 ശതമാനം പേരുടെയും ജോലിയെ ഉറക്കക്കുറവ് ബാധിക്കുന്നു. 11 ശതമാനം പേര്‍ ജോലി സ്ഥലത്ത് തന്നെ ഉറങ്ങിപ്പോകുന്നു. 72 ശതമാനം പേരും ഉറക്കത്തിനിടയില്‍ ഒന്നു മുതല്‍ മൂന്ന് പ്രാവശ്യം വരെ ഉണരുന്നതായി കാണുന്നു. ഉറക്കക്കുറവ് മൂലം 87 ശതമാനം പേര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിദ്രാവൈകല്യങ്ങളെ പറ്റി 500 ഡോക്ടര്‍മാര്‍ക്ക് തീവ്രപരിശീലനം നല്‍കാന്‍ ഫിലിപ്‌സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ 300-ഓളം കാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.