നാലാം ക്ലാസുകാരിയുടെ കവിതാസമാഹാരം ‘സൂര്യകിരണങ്ങള്‍’ പുറത്തിറങ്ങി

വടകര: സങ്കടങ്ങളും സങ്കല്‍പങ്ങളും ആത്മസംഘര്‍ഷങ്ങളുമായി നാലാംക്ലാസുകാരിയുടെ കവിതാസമാഹാരം പുറത്തിറങ്ങി. വടകര അടക്കാതെരു ജിവിജെബിസ്‌കൂള്‍ നാലാംക്ലാസുകാരി എ.കെ.സൂര്യകൃഷ്ണയുടെ സൂര്യകിരണങ്ങള്‍ എന്ന കന്നി കവിതാസമാഹാരം പ്രകൃതിയം പാരമ്പര്യങ്ങളും അന്യം നിന്നുപോകുന്നതിനെതിരേ കടുത്ത പ്രതിഷേധവും ആശങ്കയുമുയര്‍ത്തുന്നതാണ്. പത്ത് കവിതകളടങ്ങിയ സമാഹാരം സ്‌കൂള്‍ അധ്യാപകരും പിടിഎയും ചേര്‍ന്നാണ് പുറത്തിറക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കവിതാ സമാഹാരം പ്രഫ.കടത്തനാട്ട് നാരായണന്‍ പ്രകാശനം ചെയ്തു. കവിയും നാടക രചയിതാവുമായ എടയത്ത് ശശീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. കുഞ്ഞുമനസിന്റെ കൗതുകങ്ങള്‍ക്കപ്പുറത്ത് ഗൗരവം നിറഞ്ഞ വായനയും നല്‍കുന്നതാണ് സൂര്യയുടെ കവിതകളെന്ന് കടത്തനാട്ട് നാരായണന്‍ പറഞ്ഞു. പാടവും പുഴയും കുന്നുമെല്ലാം ഇല്ലാതാകുന്നതും പുഴകള്‍ മലിനമാവുന്നതുമെല്ലാം സൂര്യയുടെ കവിതയ്ക്ക് വിഷയമാവുമ്പോള്‍ കുഞ്ഞുമനസ്സുപോലും സാമൂഹിക തിന്‍മകള്‍ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് പ്രത്യാശ ഉണര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശീന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. നടക്കുതാഴ തീര്‍ഥത്തില്‍ സുരേന്ദ്രന്‍ -ബീന ദമ്പതികളുടെ മകളാണ് സൂര്യകൃഷ്ണ. സഹോദരി:തീര്‍ഥ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *