യുവാവിന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനം: അഞ്ചല്‍ സി.ഐക്ക് സ്ഥലംമാറ്റം

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ യുവാവിനെ മാതാവിന്റെ മുന്നിലിട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കോട്ടയം ജില്ലയിലേക്ക് സ്ഥലംമാറ്റി. കേസില്‍ ദൃക്‌സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മര്‍ദ്ദിക്കുമ്ബോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നെന്നാണ് ആരോപണം.

മോഹന്‍ദാസിന്റെ വീടിന് സമീപത്തായിരുന്നു ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയ സി.ഐ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ഗണേഷിനെയും ഡ്രൈവറേയും സംഭവസ്ഥലത്ത് നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സി.ഐ തടഞ്ഞതായും ആരോപണമുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ യുവാവിനെ ഗണേഷിനെ മര്‍ദ്ദിച്ചത്. മാതാവ് ഷീനയുടെ മുന്നില്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയെന്നാണ് പരാതി. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്ക് വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *