രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹെറാള്‍ഡ് വീണ്ടുമെത്തുന്നു

നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രം പുനപ്രസിദ്ധീകരിക്കാന്‍ രാഹുല്‍ഗാന്ധി ബംഗളുരുവിലെത്തി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കുന്നതിന്റെ ആദ്യ പടിയായാണ് രാഹുല്‍ഗാന്ധി എത്തിയത്.
1938 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച കോണ്‍ഗ്രസ് അനുകൂല പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്്. കോടികളുടെ കടബാധ്യതയെത്തുടര്‍ന്ന് 2008 ല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ നിരവധി വിവാദങ്ങളും സ്ഥാപനത്തെ ചുറ്റിപ്പറ്റിയുണ്ടായി. നേരത്തെ തന്നെ ട്വീറ്റുകളിലൂടെ പത്രത്തിന്റെ രണ്ടാം വരവ് സംബന്ധിച്ച വിവരങ്ങള്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് ലൈവ് എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ടോപ് ട്രെന്‍ഡിംഗായി മാറിക്കഴിഞ്ഞു. 2016 നവംബര്‍ 14 മുതല്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പത്രം രണ്ടാംവരവിനൊരുങ്ങുന്നത്. ജവഹര്‍ലാല്‍ നെഹ്രു മുന്നോട്ടുവച്ച വീക്ഷണങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തനം തുടരാനാണ് എഡിറ്റോറിയല്‍ തീരുമാനം. രാജ്യവ്യാപകമായി ദുര്‍ബലപ്പെട്ട കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കാന്‍ പത്രത്തിന് സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ജൂണ്‍ 20 ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജി നാഷണല്‍ ഹെറാള്‍ഡ് വീക്കിലിയുടെ ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിക്കും.
അതേസമയം ബംഗലുരുവിലെത്തിയ രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ബിജെപി നയിക്കുന്ന ഇന്നത്തെ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മ ആണെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ജോലി എന്ന മോദിയുടെ അളവില്ലാത്ത വാഗ്ദാനങ്ങള്‍ക്ക് എന്തുപറ്റി എന്ന് ഇന്ത്യയിലെ യുവാക്കള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു എന്നും അദേഹം ആരോപിക്കുന്നു. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോഴുള്ളത് എന്നും അദേഹം കുറ്റപ്പെടുത്തി.തൊഴില്‍ നല്‍കുമെന്ന് ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രിക്ക് പക്ഷെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്താനായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *