സിദ്ദീഖ് കാപ്പന്‍റെ അന്യായ അറസ്റ്റ്: ജാമ്യ നടപടികള്‍ തുടരാന്‍ കോടതിയുടെ അനുമതി

യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാനും ജാമ്യാപേക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കാനും അഭിഭാഷകന് സുപ്രീംകോടതി അനുമതി നൽകി. ഇക്കാര്യത്തിൽ തടസ്സമുണ്ടാകില്ലെന്ന യു.പി സർക്കാറിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിൻറ നടപടി.

അതിനിടെ, സിദ്ദീഖ് കാപ്പന്‍ മാധ്യമപ്രവർത്തകനല്ലെന്നും പോപ്പുലർഫ്രണ്ട് പ്രവർത്തകനാണെന്നും യു.പി സർക്കാർ സത്യവാങ്മൂലം നൽകി. സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് യു.പി സർക്കാർ ആരോപണം ഉന്നയിച്ചത്.

ഹാഥ്റസ് പീഡന വിവരം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിയിലാണ് സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ന​ഗ്നമായ മനുഷ്യാവകാശ ലംഘനമാണ് കേസിൽ ഇദ്ദേഹത്തിനെതിരെ ഉണ്ടായത്. മാധ്യമപ്രവർത്തനം മറയാക്കി ഹാഥ്‍റസിൽ ജാതീയ സംഘർഷമുണ്ടാക്കുകയായിരുന്നു സിദ്ദീഖ് കാപ്പന്റെ ഉദ്ദേശ്യമെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

നേരത്തെ, ജാമ്യാപേക്ഷ നൽകാനോ സിദ്ധീഖ് കാപ്പനെ കാണാനോ സാധിക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി നോട്ടീസ് അയച്ചത്. അതിനിടെ കഴിഞ്ഞ ദിവസം അഭിഭാഷകനുമായി ഫോണിൽ സംസാരിക്കാൻ സിദ്ധീഖ് കാപ്പനെ ജയിലധികൃതർ അനുവദിച്ചിരുന്നു.

അറസ്റ്റ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് സിദ്ദീഖ് കാപ്പന്‍ അഭിഭാഷകനുമായി ആദ്യമായി സംസാരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം സംബന്ധിച്ച പൊലീസ് വാദം തെറ്റാണെന്ന് സിദ്ധീഖ് കാപ്പനുമായി സംസാരിച്ച ശേഷം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *