ഷുഹൈബ് വധം: പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ, കൊലയാളി സംഘത്തില്‍ അഞ്ചു പേര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേരാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതികളുടെ മൊഴി. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ സി.പി.എം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.

ഇന്നലെ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ തില്ലങ്കേരിയിലെ മുടക്കോഴിമലയ്ക്ക് സമീപം ആകാശ് രവീന്ദ്രന്‍, റജിന്‍രാജ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലയുടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചത്. അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും കൊല നടത്തിയതില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെകൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരെ കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഒളിവില്‍ കഴിയുന്ന പാര്‍ട്ടി ഗ്രാമങ്ങളെകുറിച്ച്‌ അറിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. സംഘത്തിലെ മൂന്ന് പേര്‍ ഷുഹൈബിനെ വെട്ടി വീഴ്തുകയായിരുന്നു. ഒരാള്‍ ബോംബെറിഞ്ഞ് ഭീകരത പരത്തുകയും ഷുഹൈബിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കുകയുമായിരുന്നു. മറ്റൊരാള്‍ കാര്‍ ഓടിച്ച ഡ്രൈവറാണ്. കൊല നടത്തിയ രണ്ടുപേരാണ് പിടിയിലായതെന്നും പറയുന്നു.

പ്രതികളെ രാവിലെ തെളിവെടുപ്പിനായി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കൊല നടക്കുന്നതിന് മുമ്ബ് പ്രദേശിക ഗൂഢാലോചന നടന്നിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എടയന്നൂരില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട വൈര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. എന്നാല്‍ എടയന്നൂരില്‍ അക്രമം നടത്താന്‍ ആളില്ലാത്തതിനാല്‍ പുറത്ത് നിന്ന് ആളുകളെ വരുത്തുകയായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പ്രതികള്‍ സഞ്ചരിച്ച വാഹനവും ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിന് ശേഷം ഗൂഢാലേചന കേസിനെ കുറിച്ച്‌ ആലോചിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നുവരുന്നു. സംഭവത്തിന് ശേഷം കൊലയാളികള്‍ക്ക് ഒളിത്താവളം ഒരുക്കികൊടുത്തവരേയും താവളങ്ങളിലെത്തിച്ചവരേയും കേസില്‍ പ്രതിചേര്‍ക്കും. മുടക്കോഴി മലയിലും മറ്റും ഇന്നലെ ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് രണ്ട് പേര്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ കീഴടങ്ങിയതായി പറയുന്നത്. അതിനിടെ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. അറസ്റ്റിലായ ആകാശ് രവീന്ദ്രനേയും രജിന്‍രാജിനേയും ഇന്ന് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *