ത്രിപുരയും കൈവിട്ടു:ചെങ്കോട്ടയില്‍ താമര പൂത്തുലഞ്ഞു, തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം

അഗര്‍ത്തല: ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയാണ് ത്രിപുരയില്‍ ബിജെപി ഉദിച്ചുയര്‍ന്നിരിക്കുന്നത്. സംസ്ഥാനരൂപീകരണത്തിന് ശേഷം ഇന്നോളം ആ മണ്ണില്‍ വേരുപിടിക്കാതിരുന്ന താമര ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ സംസ്ഥാനമൊട്ടാകെ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി ത്രിപുരയില്‍ ഭരണത്തിലേറിയിരിക്കുകയാണ്.

വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കവെ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് കടക്കുകയാണ്. 40 സീറ്റുകളിലാണ് ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും ലീഡ് ചെയ്യുന്നത്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് തന്നെ കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ ഭരണത്തിലേറാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇടതുപക്ഷം വെറും 18 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

60 അംഗ നിയമസഭയിലെ 59 മണ്ഡലങ്ങളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. 40 സീറ്റുകളോടെ വ്യക്തമായ മുന്‍തൂക്കമാണ് ബിജെപയും സഖ്യകക്ഷിയും നേടിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇടതുപക്ഷം ഏറ്റുവാങ്ങിയിരിക്കുന്നത്.

2013 ല്‍ 49 സീറ്റുകളോടെ അധികാരത്തിലെത്തിയ ഇടതുപക്ഷമാണ് ഇത്തവണ ഇത്തരത്തിലുള്ളൊരു ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. വോട്ട് വിഹിതത്തിലും ഇടതുപക്ഷത്തിന് വന്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. 2013 ല്‍ 51 ശതമാനം വോട്ടുകള്‍ നേടിയ ഇടതുപക്ഷത്തിന് ഇത്തവണ 40 ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് നേടാനായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ഒന്നര ശതമാനം വോട്ടുകള്‍ മാത്രം നേടിയ ബിജെപിയാണ് സഖ്യകക്ഷിയുമായി ചേര്‍ന്ന് ഇത്തവണ 40 ലേറെ സീറ്റുകളും 45 ശതമാനത്തിലേറെ വോട്ടുകളും സ്വന്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ സ്വന്തമാക്കിയ വോട്ടുകള്‍ അപ്പാടെ ബിജെപിയിലേക്ക് പോയെന്ന് കാണാം. ഒപ്പം ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന നല്ലൊരു ശതമാനം വോട്ടുകളും ബിജെപി സഖ്യം സ്വന്തമാക്കിയിട്ടുണ്ട്.

ബിജെപി കുതിച്ചുകയറിയ സംസ്ഥാനത്ത് മുന്‍പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് അപ്പാടെ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ 36 ശതമാനം വോട്ടുകളും 11 സീറ്റുകളും നേടിയ പാര്‍ട്ടി ഇത്തവണ ഒന്നര ശതമാനം വോട്ടില്‍ ഒതുങ്ങി. സമാശ്വാസത്തിന് പോലും ഒരു സീറ്റ് ലഭിച്ചില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ് നാമാവശേഷമായിരിക്കുകയാണ്.

ത്രിപുരയുടെ അടിസ്ഥാന രാഷ്ട്രീയത്തില്‍ വന്‍മാറ്റം വന്നിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ ത്രിപുരയില്‍ നടന്നത്. മണിക് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ത്രിപുരയില്‍ ഇത്തവണ ബിജെപി കച്ചമുറുക്കി ഇറങ്ങിയത്. അത് ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് വോട്ടെണ്ണല്‍ തെളിയിക്കുന്നതും.

ബിജെപിയും സിപിഐഎമ്മും സ്പനത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത ഫലമാണ് ത്രിപുരയില്‍ നിന്നും ഉണ്ടാകുന്നത്. ഭരണം നഷ്ടമാകുമെന്ന് ഇടതുപക്ഷമോ ഭരണം പിടിച്ചെടുക്കാമെന്ന് ബിജെപിയോ വിചാരിച്ചിരുന്നില്ല. ശക്തമായ മത്സരം ഉണ്ടാകുമെന്നായിരുന്നു ഇരുമുന്നണികളും കരുതിയിരുന്നത്. എന്നാല്‍ അതിനപ്പുറം സിപിഐഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് മറ്റൊരു സംസ്ഥാനത്ത് നിന്ന് കൂടി ഭരണത്തില്‍ നിന്ന് തൂത്തെറിയപ്പെടുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *