ചൈനയിലെ നടന്നുപോകുന്ന സ്‌കൂൾ വൈറലാകുന്നു

ഒരു യാത്ര പോകുമ്പോള്‍, ഇഷ്ടപ്പെട്ട മറ്റൊരു നാട്ടിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ വീടിനെയും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്. ഇവിടെ കേരളത്തില്‍ തന്നെ പ്രളയത്തിന് ശേഷം താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളൊക്കെ തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയിരുന്നു. വീടിനെ തന്നെ തിരിച്ചുവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദഗ്ധ സംഘത്തെ കൊണ്ടുവന്നാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത് എന്നുമാത്രം.

ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഓരോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീടല്ല, ഒരു സ്കൂളാണ് വീഡിയോയിലെ താരം. 700 ടണ്‍ ഭാരമുള്ള ഒരു സ്കൂള്‍ നടന്നുപോകുകയാണ് വീഡിയോയില്‍. വെറുതെ നടന്നുപോകുകയല്ല. സ്കൂള്‍ ഉയര്‍ത്തി, തറയില്‍ യന്ത്രകൈകള്‍ ഘടിപ്പിച്ച് അത് ഉപയോഗിച്ച് നടത്തിയാണ് സ്കൂളിനെ കൊണ്ടുപോകുന്നത്.

ചൈനയിലെ ഷാങ്ഹായിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. പക്ഷേ, സ്കൂള്‍ കെട്ടിടം പൊളിക്കുന്നതിന് പകരം, മാറ്റിസ്ഥാപിക്കുകയായിരുന്നു അധികൃതര്‍. 18 ദിവസമെടുത്താണ് സ്കൂള്‍ മാറ്റിവെക്കുന്ന ഈ പണി പൂര്‍ത്തിയാക്കിയത്.

വലിയ കെട്ടിടങ്ങള്‍ സ്ലൈഡിങ് റെയില്‍ ഘടിപ്പിച്ചാണ് മാറ്റി സ്ഥാപിക്കാറുള്ളത്. എന്നാല്‍ കെട്ടിടത്തിന്‍റെ പഴക്കവും കെട്ടിടത്തിന് കൃത്യമായ ആകൃതിയില്ലാത്തതും ഈ രീതിയില്‍ സ്കൂള്‍ മാറ്റുന്നതിന് വെല്ലുവിളിയായി. അതോടെയാണ് സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. പുതിയ സ്ഥലത്തുവെച്ച് സ്കൂള്‍ പുതുക്കി പണിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *