കുടിയേറ്റ പദ്ധതിക്ക് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ അംഗീകാരം

വിവാദമായ ഇസ്രാഈല്‍ കുടിയേറ്റ പദ്ധതിക്ക് അനുമതി നല്‍കുന്ന ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. 52നെതിരെ 60 വോട്ടിനാണ് ബില്ല് പാസായത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ജൂതകുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. കുടിയേറ്റ ഭവന നിര്‍മാണം നിയമപരമാക്കുന്ന ബില്‍ അധീനപ്പെടുത്തുന്ന സ്ഥലത്തിന് പകരമായി ഫലസ്തീനിലെ സ്ഥലമുടമകള്‍ക്ക് പണമോ വേറെ സ്ഥലമോ വാഗ്ദാനം ചെയ്യുന്നു. ഇത് അംഗീകരിക്കാന്‍ തയ്യാറാത്തവര്‍ സ്ഥലമുപേക്ഷിച്ച് പോയിക്കൊള്ളട്ടെ എന്ന താക്കീതും ബില്ലിലുണ്ട്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷമാണ് കുടിയേറ്റ ഭവന പദ്ധതിയുമായി ഇസ്രായേല്‍ കൂടുതല്‍ ഊര്‍ജ്ജിതമായി മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയത്. ആറായിരത്തോളം ഭവനങ്ങള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിര്‍മിക്കുമെന്ന് ഇസ്രാഈല്‍ പ്രഖ്യാപിച്ചിരുന്നു. ട്രംപിന് ഇസ്രാഈലിനോട് മൃദുസമീപനമാണുള്ളത്. ഫലസ്തീനിലേക്കുള്ള ഇസ്രഈല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്ന യു.എന്‍ രക്ഷാ സമിതി പ്രമേയത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് യുഎന്‍ രക്ഷാസമിതിപ്രമേയം പസാക്കിയത്. അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതെ വന്നതോടെയാണ് അന്ന് പ്രമേയം പാസായത്. ഇസ്രയേലിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും താത്പര്യങ്ങള്‍ക്കു വിരുദ്ധമായായിരുന്നു ഒബാമ ഭരണകൂടത്തിന്റെ അന്നത്തെ നീക്കം.
1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജൂതപാര്‍പ്പിടകേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് ഫലസ്തീന്റെ നിലപാട്. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അവര്‍ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *